കെ.വി. നദീർ
പൊന്നാനി: മകന് വേണ്ടി വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് ഒരു കുടുംബം.സൗദി അറേബ്യയിൽ നിന്നും രണ്ടു വർഷം മുമ്പ് കാണാതായ മകൻ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ജീവിതം തള്ളിനീക്കുകയാണ് പൊന്നാനി മുക്കാടി സ്വദേശിയായ തറീക്കാനകത്ത് ബാവയും കുടുംബവും.
ആറു വർഷം മുമ്പ് ജോലിക്കായി സൗദിയിലേക്ക് പോയ തറീക്കാനകത്ത് അഷ്ക്കറിന്റെ തിരോധാനമാണ് കുടുംബത്തിന്റെ ഉള്ളുലയ്ക്കുന്നത്. ഫ്രീ വിസയിൽ ലേബർ കോൺട്രാക്ടിംഗ് ജോലികളും മറ്റും ചെയ്തിരുന്ന അഷ്ക്കർ നാലു വർഷത്തോളം വീട്ടുകാരുമായി ടെലഫോണിൽ ബന്ധപ്പെട്ടിരുന്നു. രണ്ടു വർഷമായി യാതൊരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ല. സൗദി അറേബ്യയിലെ ജിദ്ദ ഷറഫിയയിലായിരുന്നു കാണാതാവുമ്പോൾ ജോലി ചെയ്തിരുന്നത്. അഷ്ക്കറിനെ കാണാതായെന്ന വിവരത്തെ തുടർന്ന് സൗദിയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഷറഫിയ ഭാഗത്ത് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് കോൺസുലേറ്റിൽ പരാതി നൽകുകയും കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തപ്പോൾ വിസ കാൻസൽ ചെയ്തെന്ന് മനസ്സിലായി. എന്നാൽ ഇതുവരെ നാട്ടിലേക്ക് മടങ്ങിയില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്ന അഷ്ക്കർ ഇതുമൂലം മറ്റെവിടേക്കെങ്കിലും പോയതാണോ എന്ന കാര്യവും വ്യക്തമല്ല. 12 വർഷം മുമ്പ് വിവാഹിതനായ അഷ്ക്കറിന്റെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഇയാൾ എന്നെങ്കിലും തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. എന്നാൽ ദിവസങ്ങൾപിന്നിടുന്തോറും തിരോധാനത്തിലെ ആശങ്കകളുടെ ആഴവുമേറുകയാണ്. യാതൊരു അപകടവും കൂടാതെ മകൻ തിരിച്ചെത്തണമെന്ന പ്രാർത്ഥനയോടെ നിറമിഴികളുമായി കാത്തിരിക്കുകയാണ് മാതാവ് കുൽസുവും ഭാര്യയും കുട്ടികളും.