മഞ്ചേരി: കേരള ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവത്തിനു മഞ്ചേരിയിൽ തുടക്കമായി. സ്റ്റേജിതര മത്സരങ്ങളാണ് ആദ്യ ദിവസം നടന്നത്. മഞ്ചേരി ആതിഥ്യമരുളുന്ന ആദ്യമേളയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും.
മെഡിക്കൽ കോളേജ് ആരംഭിച്ച ശേഷം കേരള ആരോഗ്യ സർവകലാശാലയുടെ നോർത്ത് സോൺ കലോത്സവത്തിനു മഞ്ചേരി വേദിയാവുന്നത് ആദ്യമായാണ്. ലബ്-ഡബ് 2019 എന്ന പേരിൽ നടക്കുന്ന കലോത്സവത്തിൽ സ്റ്റേജിതര മത്സരങ്ങളാണ് ആദ്യ ദിവസം നടന്നത്. വിവിധ ഭാഷകളിലുള്ള ഉപന്യാസ രചന, നിശ്ചല ഛായാഗ്രഹണം, മുഖത്തുള്ള ചിത്ര രചന, രംഗോലി, ചെറുകഥാ രചന, ഡിജിറ്റൽ പെയ്ന്റിംംഗ്, എംബ്രോയിഡറി, പെൻസിൽ ഡ്രോയിംഗ്, ജലച്ഛായ ചിത്രരചന തുടങ്ങി 27ൽ പരം ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ 800ലേറെ പേരാണ് മത്സരിച്ചത്. മേളയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർണ്ണമായെന്നും കലോത്സവം മികച്ച അനുഭവമാവുമെന്നും കൺവീനർ കെ. സക്കീർ പറഞ്ഞു. ഇന്ന് വേദികൾ ഉണരും.
മലപ്പുറം ജില്ലയ്ക്കു പുറമെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നായി 3000ൽ പരം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. വേദിയിൽ ആദ്യ ദിവസം വട്ടപ്പാട്ടും ദഫ് മുട്ടും നടക്കും.