thavanoor
ത​വ​നൂ​രി​ലെ​ ​പ്ര​തീ​ക്ഷാ​ഭ​വ​ന് മുന്നിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുകൂടിയപ്പോൾ

തിരൂരങ്ങാടി: ചെമ്മാട് വെൽഫെയർ യു.പി സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തവനൂരിലെ പ്രതീക്ഷാഭവൻ സന്ദർശിച്ചു. മൂല്യബോധവും സഹാനുഭൂതിയും സാമൂഹികാവശ്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നവരുമായ ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നൂറിലധികം ഭിന്നശേഷിക്കാർ താമസിക്കുന്ന പ്രതീക്ഷ ഭവനിലേക്ക് യാത്ര സംഘടിപ്പിച്ചതെന്ന് അദ്ധ്യാപകർ പറഞ്ഞു. അന്തേവാസികളോടൊപ്പം ആടിയും പാടിയും ചെലവഴിച്ച മണിക്കൂറുകൾ ജീവിതത്തിൽ ധാരാളം തിരിച്ചറിവുകൾ ഉണ്ടാക്കിയതായും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അകന്ന് കഴിയുന്നയിവർ നമ്മുടെ സാമീപ്യവും സഹായവും എത്രത്തോളം ആഗ്രഹിക്കുന്നെന്ന് മനസ്സിലാക്കാൻ സാധിച്ചതായി വിദ്യാർത്ഥികളും സാക്ഷ്യപ്പെടുത്തുന്നു. മധുരം വിതരണം ചെയ്തും അവരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചുമാണ് വിദ്യാർത്ഥികൾ തിരിച്ച് പോന്നത്. സ്കൂളിലെ ഹെഡ്മിസ്ട്രസ് എസ് ബീന, അദ്ധ്യാപികയായ സി.പി.ശാന്തി എന്നിവരുടെ വിവാഹ വാർഷികദിനം കൂടിയായതിനാൽ ഉച്ചഭക്ഷണ ചെലവ് ഏറ്റെടുത്ത് അദ്ധ്യാപികമാർ മാതൃകയായി. പി.ടി.എ വൈസ് പ്രസിഡന്റ് കെ.സമാൻ, ബേബിബൽറാം , കെ.പി ഷർഷാദ്, എ.കെ സിന്ധു ,സംഗീത, കെ.പി അനുഷ, ശ്രീജിത വിനാഥ്, കെ.ടി. സുനീഷ, ഇ.ഒ റഹീന, കെ.ബിന്ദു നേതൃത്വം നൽകി.