തേഞ്ഞിപ്പലം: മേലെ ചേളാരിയിൽ ബി.ജെ.പി പ്രവർത്തകൻ ചേളാരി ചാപ്പപാറ പരിയാരത്ത് ലെനീഷിന്റെ ഉടമസ്ഥതയിലുള്ള ജെൻസ് ബ്യൂട്ടി പാർലർ ബാർബർ ഷോപ്പ് അജ്ഞാത സംഘം അടിച്ചു തകർത്തു. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞു അടച്ചുപോയതായിരുന്നു. ശനിയാഴ്ച പുലർച്ചെ കടയ്ക്ക് തൊട്ടടുത്ത പള്ളിയിലേക്ക് വന്നവരാണ് കട അടിച്ചുതകർത്തത് കാണുന്നത്. ഷട്ടറിന്റെ പൂട്ട് പൊളിച്ചായിരുന്നു അക്രമം. ഷോപ്പിലെ എ.സി, ഗ്ലാസുകൾ, ഡിജിറ്റൽ ടി.വി, വലിയ കസേരകൾ, മോട്ടറുകൾ, ലൈറ്റുകൾ, ഫാനുകൾ, എമർജൻസികൾ എന്നിവ അടിച്ചു തകർത്തിട്ടുണ്ട്. കടയുടെ മുൻഭാഗത്തുള്ള ഭിത്തിക്ക് സമാനമായുള്ള ഗ്ലാസ് ചുമർ പൂർണ്ണമായും അടിച്ചു തകർത്തു. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തേഞ്ഞിപ്പലം പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി എസ്.ഐ അറിയിച്ചു. ശബരിമല കർമ്മസമിതിയുടെ ഹർത്താലിനിടെ ചേളാരി ആലുങ്ങലിലെ മറ്റ് രണ്ട് കടകൾ തകർക്കപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയാകാം ചേളാരിയിലെ സംഭവമെന്നാണ് പ്രാഥമിക നിഗമനം.