irshad
തവളേങ്ങൽ ഇർഷാദ്

പെരിന്തൽമണ്ണ: വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് വിൽപ്പന നടത്തുന്നയാളെ രണ്ടു കിലോ കഞ്ചാവുമായി പെരിന്തൽമണ്ണ എക്‌സൈസ് സംഘം പിടികൂടി. അങ്ങാടിപ്പുറം വഴിപ്പാറ തവളേങ്ങൽ ഇർഷാദ്(30)നെയാണ് വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വൈലോങ്ങരയിൽ നിന്ന് വിൽപ്പനയ്ക്കായി കഞ്ചാവു കൊണ്ടുപോവുന്നതിനിടയിൽ പിടികൂടിയത്. എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മഫ്തി സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. മുമ്പും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്.
കിലോയ്ക്ക് 22,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 100, 200 ഗ്രാം പൊതിയിലാക്കി നാലിരട്ടിയോളം ലാഭത്തിനാണ് ചെറുകിട ഏജന്റുമാർക്ക് വില്പന നടത്തിയിരുന്നത്. ചെറിയ പാക്കറ്റുകളിലാക്കി പെരിന്തൽമണ്ണ, പുത്തനങ്ങാടി, താഴേക്കോട്, പട്ടിക്കാട്, കടുങ്ങപുരം ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും വിൽപ്പന നടത്തുന്ന ഏജന്റുമാരും ഇയാൾക്കുണ്ട്. ബംഗ്ലൂരുവിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് ബസുകളിലും പച്ചക്കറി വണ്ടികളിലുമായാണ് ഏത്തിക്കുന്നത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് ഏജന്റുമാരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.അനിർഷ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ വി.പി ജയപ്രകാശ്, പ്രിവന്റീവ് ഓഫിസർമാരായ ടി.ഷിജുമോൻ, യു.കുഞ്ഞാലൻ കുട്ടി, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ.സായ്റാം, എ.വി.ലെനിൻ, എൻ.റിഷാദലി, എ.അലക്സ്, വനിതാ സിവിൽ എക്‌സൈസ് ഓഫിസർമാരായ പി.കെ ഇന്ദു ദാസ്, കെ.സിന്ധു, ടി.എം അശ്വതി കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.