തേഞ്ഞിപ്പലം: വിദ്യഭ്യാസത്തിലൂടെ മാനവവിഭവ ശേഷിയെ ശക്തിപ്പെടുത്തണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസ് ഗവ. മോഡൽ ഹയർസെക്കന്ററി സ്‌കൂളിൽ 3.48 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മൂന്ന് നില കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റ് രാജ്യങ്ങൾ സ്വയം പര്യാപ്തതയിലൂടെ സാമ്പത്തികമായും സാമ്പത്തികമായും നേട്ടമുണ്ടാക്കുമ്പോൾ നമുക്ക് വേണ്ടത്ര മുന്നേറാനാകുന്നില്ല. പ്രവാസം, വിദ്യാഭ്യാസം എന്നീ രണ്ട് മേഖലകളിലൂന്നിയാണ് കേരളത്തിന്റെ നിലനിൽപ്പ്. പ്രവാസജീവിതം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ മികവിൽ കേരളീയർക്ക് മുന്നേറാനാകണമെന്ന് സ്പീക്കർ പറഞ്ഞു. അതിനായി പ്രാഥമിക തലം മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ എല്ലാവർക്കും നല്ല വിദ്യാഭ്യാസം ലഭ്യമാക്കാനാകണം. ഈയൊരു കാഴ്ചപ്പാടിലൂന്നിയാണ് സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളെ കോടികൾ ചെലവഴിച്ച് ശക്തിപ്പെടുത്തുന്നത്. സർക്കാർ സ്‌കൂളുകളിൽ അദ്ധ്യാപകർക്ക് അവരുടെ മക്കളെ പോലും പഠിപ്പിക്കാൻ ആശങ്കയുണ്ടായിരുന്ന സാഹചര്യം മാറി. പൊതുവിദ്യാലയങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് കൂടിവരികയാണ്. സഹിഷ്ണുതയും മതനിരപേക്ഷ ബോധവും ഉണർത്തുന്ന പൊതുവിദ്യാലയങ്ങൾ മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളായി ഉയരണം. അതിനാലാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന നിശ്ചദാർഢ്യം സംസ്ഥാന സർക്കാർ കൈക്കൊണ്ടത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കി ഒരു വർഷം കഴിയുമ്പോഴേക്കും സ്‌കൂളുകളിലെ പഠനാന്തരീക്ഷം മാറുകയും ഗുണപരമായ ഫലമുണ്ടാകുകയും ചെയ്തു. സ്‌കൂളുകളിലെ ഭൗതിക സാഹചര്യ വികസനം നടപ്പാക്കുന്നതിന് പുറമെ പഠനബോധന രീതി പുതിയ തലത്തിലേക്ക് മാറ്റാനും സർക്കാർ ആലോചിക്കുന്നുണ്ട്. പണമില്ലാത്തവരുടെ കുട്ടികൾക്കും മികച്ച പഠനാന്തരീക്ഷം ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും സ്പീക്കർ വ്യക്തമാക്കി. പി. അബ്ദുൽഹമീദ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. സ്‌കൂൾ പ്രിൻസിപ്പൽ റോയിച്ചൻ ഡൊമിനിക്ക് റിപ്പോർട്ട് അവതരിപ്പിച്ചു. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, ജില്ലാ പഞ്ചായത്തംഗം എ.കെ അബ്ദുറഹ്മാൻ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തംഗം എം വിജയൻ, തേഞ്ഞിപ്പലം പഞ്ചായത്തംഗം അരുണ പുന്നശ്ശേരി, വികസന സമിതി ചെയർമാൻ കൃഷ്ണൻ കാരങ്ങാട്, വികസന സമിതി വൈസ് ചെയർമാൻ ആർ.എസ് പണിക്കർ, എസ്.എം.സി ചെയർമാൻ പി.വി രഘുനാഥൻ, പി.ടി.എ പ്രസിഡന്റ് വി രമേഷ്, പ്രധാനാദ്ധ്യാപകൻ വി ബാലൻ എന്നിവർ സംസാരിച്ചു.