മലപ്പുറം: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഈ മാസം എട്ട്, ഒമ്പത് തീയതികളിൽ നടത്തുന്ന 48 മണിക്കൂർ ദേശീയ പണിമുടക്കിന്റെ ഭാഗമായി ജില്ലയിൽ ട്രെയിൻ തടയലടക്കമുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ ദിവസങ്ങളിൽ നിലമ്പൂർ, അങ്ങാടിപ്പുറം, തിരൂർ, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകളിൽ തീവണ്ടി തടയും. പണിമുടക്കിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ കൂട്ടായ്മകൾ സംഘടിപ്പിക്കും. വ്യാപാരി സംഘടന പണിമുടക്കിനോട് സഹകരിക്കില്ലെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ അവരോടും സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു. നിർബന്ധിതമായി കടയടപ്പിക്കില്ല. എന്നാൽ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കും. ബി.ജെ.പി അനുകൂല സംഘടനയായ ബി.എം.എസിലെ തൊഴിലാളികൾക്ക് പണിമുടക്കിൽ പങ്കെടുക്കുന്നത് സംഘടന വിലക്കിയിട്ടുണ്ടെങ്കിലും മാനസികമായ പിന്തുണ പ്രതിഷേധത്തോടുണ്ടാവുമെന്നും ഇവർ പറഞ്ഞു. തീവണ്ടികളിലും ബസുകളിലും യാത്ര ഒഴിവാക്കി പണിമുടക്കിനോട് സഹകരിക്കണമെന്ന് അഭ്യർഥിച്ചുള്ള സ്‌ക്വാഡ് പ്രവർത്തനം തുടരും. കരിപ്പൂർ വിമാനത്താവളത്തിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുമെന്നും ജില്ല പൊതുവെ നിശ്ചലമാവുമെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ വി.പി സോമസുന്ദരൻ, അഡ്വ. എം.എ ഗോപി, വി.പി ഫിറോസ്, പി.സുബ്രമണ്യൻ, അബ്ദുൽ ഗഫൂർ എന്നിവർ അറിയിച്ചു.
ദേശീയ പണിമുടക്ക് വിജയിപ്പിക്കും: എഫ്.ഐ.ടി.യു
മലപ്പുറം: ദേശീയ പണിമുടക്ക് വിജയിപ്പിക്കുമെന്ന് എഫ്.ഐ.ടി.യു അസെറ്റ് സംയുക്ത സമര സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പണിമുടക്കിന്റെ ഭാഗമായി എട്ടിന് മലപ്പുറം ദൂരദർശൻ കേന്ദ്രത്തിലേക്ക് മാർച്ചും പകൽ സമരവും സംഘടിപ്പിക്കും. രാവിലെ 10ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സർക്കാറിന്റെ കോർപ്പറേറ്റ് അനുകൂല നയം തിരുത്തുക, തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കുക, സംഘ് പരിവാർ ഫാസിസത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയുള്ള പണിമുടക്കിനോട് ജനാധിപത്യ മതേതര വിശ്വാസികൾ സഹകരിക്കണമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ആരിഫ് ചുണ്ടയിൽ, വി അനസ്, തസ്ലീം മമ്പാട്, ഇബ്രാഹിംകുട്ടി മംഗലം, റീന സാനു, അറഫാത്ത് പാണ്ടിക്കാട്, റഷീദ കാജ എന്നിവർ അഭ്യർഥിച്ചു.
ഫാബിയോൺ ഗാർമെന്റ്സ് ആന്റ് എക്സ്‌പോർട്ട് ലിമിറ്റഡ്
മലപ്പുറം: മോങ്ങം കാവുങ്ങപ്പാറ കേന്ദ്രീകരിച്ച് കുട്ടികൾക്കാവശ്യമായ ഉൽപന്നങ്ങൾ നിർമിക്കുന്ന ഫാബിയോൺ ഗാർമെന്റ്സ് ആന്റ് എക്സ്‌പോർട്ട് ലിമിറ്റഡ് ഫാക്ടറി ഈ മാസം ഏഴിന് രാവിലെ 10ന് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫാക്ടറിയിലെ വിവിധ സെക്ഷനുകളുടെ സ്വിച്ച് ഓൺ കർമ്മം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എം പി, എം എൽ എമാരായ പി ഉബൈദുള്ള, പി കെ ബഷീർ തുടങ്ങിയവർ നിർവഹിക്കും.
ഭക്ഷ്യപദാർത്ഥങ്ങൾ ഒഴികെ അഞ്ചുവയസുവരെയുള്ള കുട്ടികൾക്കാവശ്യമുള്ളവ ഒരു ബ്രാന്റിൽ അന്താരാഷ്ട്ര നിലവാരത്തിൽ നല്കുകയാണ് ലക്ഷ്യം. പ്രാദേശികമായി 500 ഓളം പേർക്ക് തൊഴിൽ നല്കാനും സ്ഥാപനത്തിലൂടെ കഴിയുമെന്ന് മാനേജിംഗ് ഡയറക്ടർ പി കെ അബ്ദുൽ അസീസ്, ഡയറക്ടർമാരായ ഷംസുദ്ദീൻ, ഉമ്മർ കോയ, സൈഫുദ്ദീൻ, ജനറൽ മാനേജർ ടി വി ബിനു എന്നിവർ അറിയിച്ചു.
സൃഷ്ടി ലിറ്റററി ഫെസ്റ്റ് നടത്തും
മലപ്പുറം: പെരിന്തൽമണ്ണക്കടുത്തുള്ള കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്‌കൂൾ ഈ മാസം ഏഴുമുതൽ 12 വരെ സൃഷ്ടി ലിറ്റററി ഫെസ്റ്റ് നടത്തുമെന്ന് വിദ്യാർഥി പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏഴിന് വൈകിട്ട് അഞ്ചിന് വിളംബര ജാഥയിൽ വെച്ച് ബെന്യാമിന്റെ ആടു ജീവിതം ക്യാൻവാസിൽ വരച്ച് ആർട്ടിസ്റ്റ് സഗീർ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ സർഗശേഷിയും സാഹിത്യ അഭിരുചിയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ലിറ്റററി ഫെസ്റ്റ്. 30 ഓളം വിഷയങ്ങളിൽ പ്രഭാഷണം, സെമിനാർ, ശില്പശാല, ചർച്ച എന്നിവയൊരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കായി ഓൺലൈൻ ചെറുകഥ മത്സരവുമുണ്ട്. സമാപനദിവസം സ്‌കൂൾ വാർഷികാഘോഷവുമുണ്ടാവും. സംവിധായകൻ സകരിയ്യ മുഹമ്മദ്, ഐ.ഇ.സി.ഐ ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി, കവി മണമ്പൂർ രാജൻ ബാബു, നാടകകൃത്ത് കെ.പി.എസ് പയ്യനെടം, ബാലചന്ദ്രൻ വടക്കേടത്ത്, ഡോ. ജമീൽ അഹമ്മദ്, ഡോ. വി ഹിക്‌മത്തുല്ലാഹ്, ഖുതുബുദ്ദീൻ, ഗണേഷ് കൈലാസ്, സമദ് കുന്നക്കാവ്, കെ അജിത് മോൻ, ബിജു തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കും. വാർത്താ സമ്മേളനത്തിൽ വിദ്യാർത്ഥികളായ അൻഫസ് മുഹമ്മദ്, അബ്ദുൽ മാലിക്, ഫാത്തിമ ഹുസ്ന, മുഫീദ, ഹാനിയ പങ്കെടുത്തു.