പെരിന്തൽമണ്ണ: നഗരത്തിൽ ഭക്ഷ്യവസ്തുകൾ യാതൊരു വിധ സംവിധാനവുമില്ലാതെ വൃത്തിഹീനമായും, അനധികൃതമായും കച്ചവടം ചെയ്യുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇവ പൂർണ്ണമായും ഒഴിപ്പിക്കാൻ നഗരസഭ കൗൺസിൽ ഐക്യകണ്ഠേന തീരുമാനിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും , ബൈപാസും കേന്ദ്രീകരിച്ച് പഴവർഗ്ഗങ്ങൾ, മത്സ്യം, പച്ചക്കറി, ഭക്ഷണ സാധനങ്ങൾ എന്നിവയുടെ അനധികൃത കച്ചവടങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വ്യാപകമായിരിക്കുന്നത്. മതിയായ ശുചിത്വ സംവിധാനമോ നിയമപരമായ രേഖകളൊ ഇല്ലാതെ വാഹനങ്ങളിലും, ഗുഡ്സ് ഓട്ടോകളിലും, ഉന്തുവണ്ടികളിലുമായി കച്ചവടം നടത്തുന്ന ഈ സ്ഥാപനങ്ങൾ തെരുവ് കച്ചവടത്തിന്റെ നിർവചനത്തിൽ വരുന്നതല്ലെന്ന് കൗൺസിൽ നിരീക്ഷിച്ചു. ഒരാൾക്ക് തന്നെ മൂന്നും നാലും വാഹനങ്ങളിലും, ഇടങ്ങളിലുമായി സ്ഥാപനങ്ങൾ തുടങ്ങി ജോലിക്കാരെ വെച്ച് വൻകിട ബിസിനസായി ഇതിനെ മാറ്റുന്ന ലോബി നഗരത്തിൽ പ്രവർത്തിക്കുന്നതായും കൗൺസിൽ വിലയിരുത്തി. ആവശ്യമായ ചരക്കുകളും, ഭക്ഷ്യ വിഭവങ്ങളും ഈ ലൈനിൽ ഇറക്കി കൊടുത്ത് വൈകിട്ട് കലക്ഷൻ പിരിക്കാൻ സ്വന്തം കാറുകളിലെത്തുന്ന ഇതിന്റെ മുതലാളിമാരെ ആരോഗ്യ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ലൈസൻസും ആവശ്യമായ രേഖകളും, ശുചിത്വ സംവിധാനങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം കച്ചവടക്കാർ നഗരത്തിൽ പല ഭാഗത്തും മാലിന്യം വലിച്ചെറിയുന്ന പ്രവണതയും കണ്ടെത്തിയിട്ടുണ്ട്. പഴകിയ എണ്ണയിലും വൃത്തിഹീനമായ സാഹചര്യത്തിലും തയ്യാറാക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കളും, പൊടിപടലം കയറിയ പച്ചക്കറികളും, പഴവർഗ്ഗങ്ങളും ഇത്തരം അനധികൃത കച്ചവട സ്ഥാപനങ്ങളിൽ നിന്നും വാങ്ങി ഉപയോഗിക്കാതിരിക്കണമെന്നും ഫ്രഷ് മൽസ്യം എന്ന് വിശ്വസിപ്പിച്ച് എവിടുന്നൊക്കെയോ ഹോൾസെയിൽ മത്സ്യ വ്യാപാരികൾ ഒഴിവാക്കുന്ന രണ്ടാം തരം ഗുണനിലവാരമുള്ള മത്സ്യം റോഡുവക്കിൽ വാഹനങ്ങളിൽ കൊണ്ടുവന്നു വിൽക്കുന്നിടത്തു നിന്നും വാങ്ങുന്നത് ഒഴിവാക്കണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു. ദേശീയ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി കുടുംബശ്രീ നടത്തിയ സർവ്വെ പ്രകാരം ലിസ്റ്റ് ചെയ്ത നഗരസഭ തിരിച്ചറിയൽ കാർഡ് നൽകിയ 58 തെരുവ് കച്ചവടക്കാരൊഴികെയുള്ള മുഴുവൻ അനധികൃത കച്ചവടങ്ങളും ജനുവരി 15 നകം കച്ചവടം അവസാനിപ്പിക്കാൻ നോട്ടീസ് നൽകാനും തുടർന്ന് ഒഴിവാക്കാത്ത പക്ഷം നിയമനടപടികളിലൂടെ ഒഴിപ്പിക്കാനും കൗൺസിൽ ആരോഗ്യ വിഭാഗത്തെ ചുമതലപ്പെടുത്തി.
തെരുവിൽ നിന്നും പാഴ് വസ്തു ശേഖരിക്കുന്നവരെ മാലിന്യ സംസ്കരണത്തിൽ സമൂഹത്തിനു ചെയ്യുന്ന സേവനം പരിഗണിച്ച് 12ന് ആദരിക്കാനും അവർക്ക് പുനരധിവാസ പാക്കേജ് ഉണ്ടാക്കാനും കൗൺസിൽ തീരുമാനിച്ചു. മാലിന്യം വർദ്ധിപ്പിക്കുന്നത് തടഞ്ഞ് പുനരുപയോഗം സാധ്യമാക്കുന്ന രംഗത്ത് നിശബ്ദ സേവനം നടത്തുന്ന ചെരുപ്പ്, കുട , ബാഗ് ,മറ്റ് ഗൃഹോപകരണങ്ങൾ റിപ്പയർ ചെയ്യുന്നവരുടെ സർവ്വേ ജനവരി 15 നു നടത്തി ഹൈടെക് ഷോപ്പിംഗ് കോംപ്ലക്സിൽ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചു. ലൈഫ് ഭവന പദ്ധതിയിൽ പേരു നൽകി ഇതുവരെയും ഹാജരാവാത്ത 103 പേരുടെ അവസാനവട്ട അദാലത്ത് ജനവരി 5ന് രാവിലെ 11 മണിക്ക് നഗരസഭ കൗൺസിൽ ഹാളിൽ വെച്ചു നടത്താനും പുതുതായി ആറാം ഡി.പി. ആറിൽ ഭവനത്തിന് അപേക്ഷിച്ചവരുടെ രേഖകൃത്യമാക്കൽ അദാലത്ത് 5ന് വൈകീട്ട് മനഴി ബസ് സ്റ്റാൻറിലെ കാർഷിക ഗവേഷണ കേന്ദ്ര പഠന ഹാളിൽ വെച്ചു നടത്താനും, ഭൂമിയില്ലാത്ത ഭവന രഹിതരായ ഭവന സമുച്ചയ ഗുണഭോക്താക്കളുടെ രേഖകൾ ഒപ്പിടുന്ന അദാലത്ത് 7ന് വൈകീട്ട് 3 മണിക്ക് കുന്നപ്പള്ളി സെലിബ്രേഷൻ ടൈം ഓഡിറ്റോറിയത്തിൽ വെച്ചും നടത്താൻ തീരുമാനിച്ചു. ഈ അദാലത്തുകളിൽ എത്തിചേരാത്ത ഗുണഭോക്താക്കളെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം യോഗത്തിൽ അദ്ധ്യക്ഷനായി.