maoist-nilambur
മാവോയിസ്റ്റ്

എടക്കര: നിലമ്പൂർ വനമേഖലയിൽ മാവോവാദികൾ വീണ്ടും സജീവമാകുന്നു. 2016-ൽ നിലമ്പൂർ വനത്തിൽ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മറ്റിയംഗം കുപ്പുദേവൂരാജും, കാവേരി എന്ന അജിതയും നക്സൽ വിരുദ്ധ സേനയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടതിന് ശേഷം രണ്ട് മാസം മുൻപാണ് മാവോവാദികൾ മേഖലയിൽ പ്രത്യക്ഷപ്പെടുന്നത്. വഴിക്കടവ് പുഞ്ചക്കാല്ലിയിലുള്ള പ്ലാന്റേഷൻ കോർപറേഷൻ തോട്ടം ഓഫീസിൽ കഴിഞ്ഞ ഡിസംബർ മൂന്നിനെത്തിയ സായുധസംഘം തൊഴിലാളികളെ വിളിച്ചുചേർത്ത് അവർക്കായി ക്ലാസ് സംഘടിപ്പിച്ചിരുന്നു. കൽപ്പറ്റ സ്വദേശിയായ മാവോവാദി നേതാവ് സോമനടക്കമുള്ള സംഘമാണ് പുഞ്ചക്കൊല്ലിയിലെത്തിത്. പിന്നീട് ഡിസംബർ പത്തിന് അളയ്ക്കൽ ആദിവാസി കോളനിയിൽ നാടുകാണി ദളം കമാന്റർ വിക്രം ഗൗഡയുടെ നേതൃത്വത്തിൽ ആയുധധാരികളായ മാവോവാദികൾ എത്തിയിരുന്നു. തുടർന്നാണ് കഴിഞ്ഞ മുപ്പതിന് മരുത മഞ്ചക്കോട് അങ്ങാടയിൽ മാവോവാദി ആശയങ്ങളടങ്ങിയ ലഘുലേഖകളും, പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. ജനുവരി ഒന്നിന് തണ്ണിക്കടവ് കല്ലായിപ്പൊട്ടിയിലെ പനയംതൊടിക റഹ്മാബിയുടെ വീട്ടിൽ മാവോവാദികളായ സോമൻ, സന്തോഷ്, ചന്ദ്രു എന്നിവർ എത്തിയിരുന്നു. മേഖലയിൽ ആദിവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് മാവോവാദികൾ ആശയപ്രചരണം നടത്തുന്നത്. 2010-ലാണ് നിലമ്പൂർ മേഖലയിൽ മാവോവാദി സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്നത്. ആശയപ്രചരണത്തിനിടെ സിനിക് എന്ന മാവോയിസ്റ്റ് നിലമ്പൂരിൽ പോലിസ് പടിയിലായിരുന്നു. പിന്നീട് പോത്തുകൽ പഞ്ചായത്തിലെ ചെമ്പ്ര ആദിവാസി കോളനിയിലും, വാണിയംപുഴ, കുമ്പളപ്പാറ തുടങ്ങിയ ഉൾവനത്തിലെ കോളനികളിലും മാവോയിസ്റ്റുകളുടെ സാന്നിധ്യം സജീവമായിരുന്നു. ഇതിന് പുറമെ മൂത്തേടം പഞ്ചായത്തിലെ പടുക്ക വനമേഖലയിലും, വനാർത്തി പ്രദേശങ്ങളിലും, മരുത വനാതിർത്തി പ്രദേശങ്ങളിലും നിരവധി തവണ മാവോയിസ്റ്റുകളെത്തി. ആദിവാസികൾ മാവോവാദി ആശയങ്ങളുമായി അടുക്കാൻ തുടങ്ങിയതോടെ പോലീസ് ഇടപെടൽ ശക്തമാക്കി. ആദിവാസികളുടെ ആവശ്യങ്ങൾ കോളനികളിൽ നേരിട്ടെത്തി വിവിധ വകുപ്പുകൾ ആരായുകയും, പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണുകയും ചെയ്തു. 2016-നവംബർ ഇരുപത്തിനാലിന് പടുക്ക ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കണ്ടംതരിശ് വനത്തിൽ കുപ്പുദേവരാജ്, അജിത എന്നിവർ നക്സൽ വിരുദ്ധ സേനയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടതിന് ശേഷം മാവോവാദികൾ മേഖലയിൽ നിന്നും പിൻവാങ്ങിയിരുന്നു. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം കൽപ്പറ്റ സ്വദേശിയായ സോമന്റെ നേതൃത്വത്തിലുള്ള മാവായിസ്റ്റ് സംഘങ്ങൾ വീണ്ടും നിലമ്പൂർ വനമേഖലയിൽ സജീവമായിരിക്കുകയാണ്. സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട സോണൽ കമ്മറ്റിയുടെ കീഴിലുള്ള നാടുകാണി, കബനി തുടങ്ങിയ ദളങ്ങളുടെ പ്രവർത്തകരാണ് മേഖലയിൽ ആശയപ്രചരണം നടത്തുന്നത്. സംസ്ഥാനത്ത് വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് മാവോവാദി സംഘങ്ങൾ പ്രവർത്തനം നടത്തുന്നത്. ഇതിൽ വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വനമേഖലകൾ ഇവരുടെ പ്രവർത്തനങ്ങൾക്ക് ഏറ്റവും സുരക്ഷിത താവളമാണ്. മൂന്ന് ജില്ലകളിലേക്കും വനമാർഗ്ഗത്തിലൂടെ സഞ്ചരിക്കാൻ കഴിയുമെന്നതും മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടുന്നു.