പൊന്നാനി: ബി.ജെ.പി. പിന്തുണയോടെ ശബരിമല കർമ്മസമിതി നടത്തിയ ഹർത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളിലും എസ്.ഐ അടക്കമുള്ള പോലീസുകാരെ അക്രമിച്ച കേസിലെ മുഖ്യ പ്രതിയായ ആർ.എസ്.എസ് നേതാവടക്കം രണ്ടുപേർ കൂടി അറസ്റ്റിൽ. അരുൺ, സുനിൽ എന്നിവരാണ് അറസ്റ്റിലായത്. സുനിൽ പൊന്നാനി താലൂക്ക് ആർ.എസ്.എസ് കാര്യവാഹകാണ്. അരുൺ പോലീസ് സർവീസിൽ കയറാനുള്ള ടെസ്റ്റ് എഴുതി കാത്തിരിക്കുന്ന ഉദ്ധ്യോഗാർത്ഥിയാണ്. ഇതാടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു.മറ്റു പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. പൊലീസിനു നേരെയുണ്ടായ അക്രമത്തിൽ പൊന്നാനി എസ്.ഐ.കെ.നൗഫൽ ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റിരുന്നു. മാർച്ചിൽ പങ്കെടുത്തവരുടെ ഫോട്ടോ പരിശോധിച്ച് ഓപ്പറേഷൻ വിൻഡോ പ്രകാരമാണ് പൊലീസ് തെരച്ചിൽ നടത്തുന്നത്. എന്നാൽ അക്രമത്തിന് നേതൃത്വം നൽകിയവരെല്ലാം ഒളിവിലാണ്. അക്രമികളെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവർക്കെതിരെയും കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കൂടാതെ ഹർത്താലിലുണ്ടായ നാശ നഷ്ടങ്ങൾ പിടിയിലായവരിൽ നിന്നും ഈടാക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്.
പ്രകടനത്തിൽ പങ്കെടുത്തവരുടെ 12 ബൈക്കുകൾ പിടികൂടി പൊലീസ് സ്‌റ്റേഷനിലേക്ക് നീക്കി. മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് ബൈക്ക് നമ്പർ പരിശോധിച്ച് ഉടമയെ കണ്ടെത്തി അക്രമത്തിന് നേതൃത്വം നൽകിയവരേയും കണ്ടെത്തും.കഴിഞ്ഞ ദിവസം അറസ്റ്റിലായ പൊന്നാനി കടവനാട് സ്വദേശി തലക്കാട്ട് ജിതിൻ (21), മാറഞ്ചേരി പുറങ്ങ് സ്വദേശി പൂവൂർ വീട്ടിൽ അജിത്ത് (20), പൊന്നാനി എം.എൽ.എ.റോഡ് കുരുടായിൽ അക്ഷയ് (18), ഈഴുവത്തിരുത്തി സ്വദേശി തൊട്ടി വളപ്പിൽ മണികണ്ഠൻ (53) എന്നിവരെ റിമാന്റ് ചെയ്തു.കൊലപാതകശ്രമം എന്ന വകുപ്പ് ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.