jdt
കോഴിക്കോട് ജെ.ഡി.റ്റി. കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വട്ടപ്പാട്ട്

മഞ്ചേരി: മാപ്പിള കലകളുടെ ആവേശ പെരുമയിലായിരുന്നു കേരള ആരോഗ്യ സർവകലാശാല യൂനിയന്റെ നോർത്ത് സോൺ കലോത്സവം ലബ്-ഡബ് 2019ന്റെ വേദികൾ മഞ്ചേരിയിൽ ഉണർന്നത്. ഭാവി ഡോക്ടർമാരിൽ കൈരളിയുടെ കലാഭാവിയും ഭദ്രമാണെന്നു മൽസരാർത്ഥികൾ തെളിയിച്ചു. വട്ടപ്പാട്ടിന്റെ ഇശൽ വിരുന്നിൽ മണവാളനെ എതിരേറ്റാണ് ആദ്യമായി ആതിഥ്യമരുളുന്ന കേരള ആരോഗ്യ സർവകലാശാല യൂനിയന്റെ നോർത്ത് സോൺ കലോത്സവവേദികളെ മഞ്ചേരി അവിസ്മരണീയമാക്കിയത്. ലബ്-ഡബിന്റെ പ്രധാന വേദിയിൽ ആദ്യ മൽസരമായിരുന്നു വട്ടപ്പാട്ട്. ഏഴു സംഘങ്ങളാണ് വട്ടപ്പാട്ടു മൽസരത്തിൽ പങ്കെടുത്തത്. മണവാളൻമാരും സംഘങ്ങളും വേദിയേറിയപ്പോൾ ആരോഗ്യ രംഗത്തെ പതിവു പിരിമുറുക്കങ്ങൾക്കു വിട നൽകി വൈദ്യ വിദ്യാർത്ഥികളും കാണികളും പ്രധാന വേദിയെ ഹർഷാരവങ്ങളോടെ എതിരേറ്റു. ഇശലിന്റെ താളത്തിനൊപ്പം കലോത്സവത്തെ ജനാവലി ഹൃദയത്തോടു ചേർക്കുന്ന കാഴ്ചകളായിരുന്നു പിന്നീട്. മത്സരാർഥികളും നിരാശരാക്കിയില്ല. എല്ലാ സംഘങ്ങളും നിലവാരം പുലർത്തിയ പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. തുടർന്ന് ദഫിന്റെ മുഴക്കത്തിനൊപ്പം വേദി സജീവമായി. എന്നാൽ ആവേശത്തിനോട് നീതി പുലർത്താൻ വിഭവങ്ങൾ കുറഞ്ഞു. രണ്ടു സംഘങ്ങൾ മാത്രമാണ് ദഫിൽ മത്സരിക്കാനുണ്ടായിരുന്നത്. വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും പുറമെ നിരവധി കലാസ്വാദകരും പ്രധാന വേദിയിൽ കാഴ്ചക്കാരായെത്തിയിരുന്നു.