മഞ്ചേരി:കേരള ആരോഗ്യ സർവ്വകലാശാല നോർത്ത് സോൺ കലോത്സവം മന്ത്രി കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വർണ്ണാഭമായ ഘോഷയാത്രക്കു ശേഷമായിരുന്നു ഉദ്ഘാടനം. മഞ്ചേരി മെഡിക്കൽ കോളജ് പരിസരത്തു നിന്നാരംഭിച്ച ഘോഷയാത്രയിൽ ആരോഗ്യ സർവ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. നൂറുകണക്കിനു വിദ്യാർത്ഥികൾ പങ്കെടുത്ത ഘോഷയാത്ര വർണ്ണാഭമായി. താളമേളങ്ങളും സംഗീതവും അകമ്പടിയേകിയ ഘോഷയാത്ര നഗരം ചുറ്റി കലോത്സവ നഗരിയിലെ പ്രധാനവേദിക്കു മുന്നിൽ സമാപിച്ചു. തുടർന്ന് ലബ്ഡബ് 2019 കലോത്സവം മന്ത്രി കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ പ്രശ്‌നങ്ങൾ ശാസ്ത്രീയ വീകഷണത്തോടെ പരിഹരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. പഠനകാലം നഷ്ടപ്പെടാതെ നിലവിൽ പഠിച്ചുന്ന കോഴ്‌സ് മാറാനോ സർവ്വകലാശാല മാറാനോ വിദ്യാർഥികൾക്ക് നിലവിൽ അവസരമില്ല. വിദേശ സർവ്വകലാശാലകളിലെ മാതൃകയിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ പ്രാവർത്തികമാക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കലാ സാംസ്‌ക്കാരിക പ്രവർത്തനങ്ങളില്ലാതെ ഒരു വിദ്യാർഥിയുടേയും പഠനം പൂർത്തിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.ആരോഗ്യ സർവ്വകലാശാല യൂനിയൻ ചെയർമാൻ ദീപു ദാമോദർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കൃഷ്ണദാസ് രാജ, മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ശശി, ഡോ. പുഷ്പ, ജ്യോതിലക്ഷ്മി, കെ എ സക്കീർ, പി അഫ്‌സൽ, അർജുൻ ദിനേഷ്, അഹിജിത്ത് വിജയൻ സംസാരിച്ചു.