മഞ്ചേരി : മെഡിക്കൽ കോളജിൽ പനി ക്ലിനിക്കിന്റെ പ്രവർത്തനം അവതാളത്തിൽ. ഡോക്ടർമാരില്ലാത്തതിനാൽ പനി ക്ലിനിക്കിലെ സേവനം പൂർണമായും അവസാനിപ്പിച്ചിരിക്കുകയാണ്. പനി കടുത്ത ആരോഗ്യ ഭീഷണിയായിരിക്കെയാണ് സർക്കാർ നിർദ്ദേശപ്രകാരം മഞ്ചേരി മെഡിക്കൽ കോളജിൽ പനിക്ലിനിക്ക് ആരംഭിച്ചിരുന്നത്. പനിയുള്ളവർക്കു മാത്രമുള്ള പ്രത്യേക ചികിൽസ സംവിധാനം രോഗികൾക്കും ഏറെ ആശ്വാസകരമായിരുന്നു. ഇതിനിടെയാണ് സംവിധാനം നിശ്ചലമായത്. ഡോക്ടർമാരില്ലാത്തതിനാൽ ക്ലിനിക്ക് അടച്ചിട്ടത് നിരവധി രോഗികളെ വലച്ചു. പകർച്ചപ്പനി ബാധിച്ചെത്തുന്നവരെ സാധാരണ ഒപിയിലും അത്യാഹിത വിഭാഗത്തിലുമാണ് പരിശോധിച്ചത്. പിജി പരീക്ഷ നടക്കുന്നതിനാൽ ഡോക്ടർമാരുടെ എണ്ണക്കുറവാണ് ക്ലിനിക്ക് അടച്ചിടാൻ ഇടയാക്കിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കാലാവസ്ഥാ മാറ്റം നിരന്തരമുള്ള പനിക്കും പകർച്ച വ്യാധികൾക്കും കാരണമായിരിക്കെ സാധാരണക്കാരായ നിരവധി രോഗികളാണ് ചികിൽസ തേടി മഞ്ചേരി മെഡിക്കൽ കോളജിൽ എത്തുന്നത്. പനി ക്ലിനിക്കിന്റെ പ്രവർത്തനം അവതാളത്തിലായതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. പ്രത്യേക ചികിത്സ സംവിധാനം പുനഃസ്ഥാപിച്ചില്ലെങ്കിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനെ ഉപരോധിക്കുന്നതടക്കമുള്ള സമരങ്ങളുമായി മുന്നോട്ടുപോവുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ പറഞ്ഞു. പ്രതിഷേധവുമായെത്തിയ പ്രവർത്തകർ ആശുപത്രി അധികൃതരുമായി ചർച്ച നടത്തി.