hospital
ആശുപത്രി

പെരിന്തൽമണ്ണ: മങ്കട ഗവ.ആശുപത്രിക്ക് വേണ്ടി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള നിർമ്മാണ പ്രവർത്തികൾക്ക് തുടക്കം കുറിക്കാൻ ഒരുകോടി അനുവദിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്താണ് ഈ തുക അനുവദിച്ചത്. 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീ, വയോജന സൗഹൃദ ബ്ലോക്ക് നിർമ്മിക്കുന്നതിനാണ് തുക വകയിരുത്തിയത്. പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയിട്ടുണ്ട്. മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പ്രധാന ആശുപത്രി എന്ന നിലക്കാണ് ഭരണസമിതി അംഗങ്ങൾ ഡിവിഷൻ പരിഗണന പോലും നൽകാതെ ആശുപത്രി വികസനത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ആശുപത്രിയുടെ പ്രധാന ബ്ലോക്കായിട്ടാവും ഇതിന്റെ നിർമ്മാണം നടത്തുക. പദ്ധതി അംഗീകരിച്ചതോടെ ടെന്റർ നടപടികൾ പൂർത്തിയാക്കി ഏപ്രിൽ മാസം നിർമ്മാണം ആരംഭിക്കാനാവുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷഹീദ എലിക്കോട്ടിൽ അറിയിച്ചു.

മങ്കട നിയോജക മണ്ഡലത്തിൽ കിടത്തി ചികിത്സയുള്ള ഏക ആശുപത്രിയായ മങ്കട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനായി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ അനുസരിച്ച് ഏകീകൃത ആശുപത്രി സമുച്ചയമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുള്ള പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ച് മാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുക. ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം ഉൾപ്പെടുത്തിയാണ് ബൃഹത്തായ വികസന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ നൂറ് പേർക്ക് കിടത്തി ചികിത്സ നൽകനുള്ള സൗകര്യം ഉൾപ്പടെ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഇവിടെ ഒരുങ്ങും. 12 ഡോക്ടർമാർക്ക് ഇരിക്കാൻ കഴിയുന്ന ഒ.പി. സൗകര്യം, കാഷ്വാലിറ്റി, ഐ.സി.യു, ലാബർ റൂം, ഓപ്പറേഷൻ തിയ്യേറ്റർ, സ്ത്രീകളുടെയും കുട്ടികളുടെയും വാർഡ്, എക്‌സ് റേ, തുടങ്ങി ആശുപത്രിക്ക് വേണ്ട മുഴുവൻ സൗകര്യങ്ങളും വികസന പദ്ധതിയിലുണ്ട്. ആകെ 15 കോടി രൂപയുടെ ചിലവ് വരുമെങ്കിലും ആദ്യഘട്ട നിർമ്മാണം പൂർത്തീകരിക്കുന്നതിന് 5.5 കോടി രൂപയാണ് ആവശ്യമായി വരുന്നത്. ഇതിലേക്കാണ് ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപ അനുവദിച്ചത്.