basheer
മുഹമ്മദ് ബഷീർ

കുറ്റിപ്പുറം: കുറ്റിപ്പുറം ടൗണിൽ വിൽപ്പനയ്ക്ക് കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി എടപ്പാൾ വെങ്ങിണിക്കര സ്വദേശി തത്ത ബഷീർ എന്ന മുഹമ്മദ് ബഷീർ (39) നെ കുറ്റിപ്പുറം എക്‌സൈസ് സംഘം പിടികൂടി. ഇയാളുടെ കൈയിൽ നിന്നും 5 ഗ്രം വീതമുള്ള പത്ത് പായ്ക്കറ്റുകളിലായി 50ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്. പായ്ക്കറ്റ് ഒന്നിന് ആവശ്യക്കാർക്കിടയിൽ 5,000 രൂപ വില വരും. ആന്ധ്രയിലെ ഉൾഗ്രാമമായ തുനി, ദാർക്കോണ്ട എന്നിവിടങ്ങളിൽ നിന്നാണ് ഹാഷിഷ് ഓയിൽ വാങ്ങിയത്. ഇതിന് ജില്ലയിൽ ധാരാളം ആവശ്യക്കാരുണ്ടെന്നും കൂടുതൽ യുവാക്കളാണെന്നും പ്രതി പറഞ്ഞു. ആന്ധ്രയിലെ ഉൾവനങ്ങളിൽ കൃഷി ചെയ്യുന്ന കഞ്ചാവ് പ്രത്യേക രീതിയിൽ വാറ്റിയെടുത്താണ് ഹാഷിഷ് ഓയിൽ നിർമ്മിക്കുന്നത്. പ്രതിയെ കഴിഞ്ഞ മാസം ഹാഷിഷ് ഓയിലുമായി പൊന്നാനി എക്‌സൈസ് റേഞ്ച് പാർട്ടി പിടികൂടിയതിനെ തുടർന്ന് ഇയാൾ പ്രവർത്തനമേഖല കുറ്റിപ്പുറം ഭാഗത്തേക്ക് മാറ്റുകയായിരുന്നു. ഇതറി‌ഞ്ഞ് എക്‌സൈസ് റേഞ്ചിലെ വനിതകളടങ്ങിയ നിഴൽ എക്‌സൈസ് ടീം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കാൻ കഴിഞ്ഞത്. എക്‌സൈസ് ഇൻസ്‌പെക്ടർ എ.ജിജി പോൾ , പ്രിവന്റീവ് ഓഫീസർ രതീഷ്.വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഹംസ, വിനേഷ്, രഞ്ജിത്ത് ,വിഷ്ണുദാസ് ,ജ്യോതി, രജിത, ദിവ്യ എക്‌സൈസ് ഡ്രൈവർ ശിവകുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.