hospital
ആശുപത്രി

പൊന്നാനി: പൊന്നാനി മാതൃ -ശിശു ആശുപത്രിയിൽ ഞായറാഴ്ച ഡോക്ടർമാർ കൂട്ട അവധിയിൽ. പരിശോധനക്കെത്തിയ രോഗികളെ താലൂക്കാശുപത്രിയിലേക്ക് മടക്കിയതായി പരാതി. ഒരാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത പൊന്നാനിയിലെ സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രിയിലാണ് ഞായറാഴ്ച ഡോക്ടർമാർ കൂട്ടത്തോടെ ലീവെടുത്തത്. ഞായറാഴ്ചയിൽ ഒ.പി.ക്ക് പകരം കാഷ്വാലിറ്റി മാത്രമെ പ്രവർത്തിക്കുകയുള്ളൂ. കാഷ്വാലിറ്റിയിൽ രണ്ട് ഡോക്ടർമാർ മാത്രമാണ് സേവനത്തിനുണ്ടായിരുന്നത്. രാവിലെ മുതൽ നിരവധി രോഗികളാണ് ആശുപത്രിയിലെത്തിയിരുന്നത്. എന്നാൽ ഗർഭിണികൾ ഉൾപ്പെടെയുള്ളവരെ പൊന്നാനി താലൂക്കാശുപത്രിയിലേക്കാണ് ഡോക്ടർമാർ പറഞ്ഞു വിട്ടതെന്നാണ് പരാതി. പൂർണമായ സംവിധാനങ്ങളോടെയാണ് മാതൃ -ശിശു ആശുപത്രി ഡിസംബർ 30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഒരാഴ്ച പിന്നിട്ടിട്ടും ആശുപത്രിയിൽ ഒ.പി. മാത്രമാണ് പ്രവർത്തിക്കുന്നത്. രാത്രിയിൽ ഒ.പി.യും പ്രവർത്തനരഹിതമാണ്. തിയേറ്ററിലെ സിവിൽ വർക്കുകൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. മരുന്നുകൾക്ക് 10 മുതൽ 90 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്ന കാരുണ്യ ഫാർമസി പ്രവർത്തനാരംഭിച്ചിട്ടുണ്ട്. ലബോറട്ടറി 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നിലവിൽ 12 മണിക്കൂറാണ് പ്രവർത്തിക്കുന്നത്. നിലവിൽ 150 കിടക്കകളാണുള്ളത്. മുന്നൂറ് കിടക്കകൾക്കുള്ള സൗകര്യമുണ്ട്. മൂന്ന് ഐ.സി.യുകളാണുള്ളത്. ഡോർമെട്രിയും ആശുപത്രി ജീവനക്കാർക്ക് താത്ക്കാലിക താമസ സൗകര്യവുമുണ്ട്. പക്ഷെ ഇതെല്ലാം രോഗികൾക്ക് കിട്ടാൻ മാർച്ച് വരെ കാത്തിരിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. 2017 നവംബറിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഒ.പി ആരംഭിച്ചിരുന്നു. ആ സൗകര്യം മാത്രമാണ് ഇപ്പോഴുള്ളത്. ഒരേ സമയം നാല് പ്രസവങ്ങൾക്കുള്ള സൗകര്യമുണ്ട്. 27 ഡോക്ടർമാരാണുള്ളത്. പക്ഷെ പ്രസവത്തിനുള്ള സൗകര്യങ്ങൾ ഇനിയും സജ്ജമാക്കാൻ അധികൃതർക്കായിട്ടില്ല. ഗൈനക്കോളജി വിഭാഗത്തിൽ ഏഴു ഡോക്ടർമാരുണ്ട്. കുട്ടികൾക്കായി നാലുപേരും. പക്ഷെ തത്കാലം ഒരു സേവനവും ഇവിടെ ലഭിക്കില്ലെന്ന് മാത്രം. ഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുത്തതിനെത്തുടർന്ന് ഇന്ന് ഡോക്ടർമാരുടെ വിശദീകരണം തേടുമെന്നാണ് അധികൃതർ പറയുന്നത്.