vote
വോട്ട്

തിരൂരങ്ങാടി: പ്രവാസികളുടെ പേര് വോട്ടർപട്ടികയിൽ ചേർക്കുന്നതിന് ഊർജ്ജിത ശ്രമം നടക്കുന്ന സാഹചര്യത്തിലും വിവിധ താലൂക്കുകളിൽ പേരുകൾ വോട്ടർപട്ടികയിൽ ചേർക്കാതെ അപേക്ഷകൾ തള്ളുന്നതായി പരാതി. വിവിധ മണ്ഡലങ്ങളിൽ നൽകിയ അപേക്ഷകളിൽ പകുതിയിലധികവും തള്ളിയതായാണ് റിപ്പോർട്ട്. വിദേശത്തുള്ള പലരും പ്രവാസി വോട്ട് ചേർക്കുന്നതിനായി ഏറെ പരിശ്രമമാണ് നടത്തിയത്. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപേക്ഷ നൽകിയ പതിനായിരത്തിലധികം വോട്ടർമാരെ പേരുകൾ ചേർക്കാതെ അപേക്ഷ നിരസിച്ച അവസ്ഥയാണുള്ളത്. തിരൂരങ്ങാടി താലൂക്ക് പരിധിയിലുള്ള വേങ്ങര അസംബ്ലി മണ്ഡലത്തിൽ 1,843 പേർ അപേക്ഷ നൽകിയതിൽ 950 പേരുടെ വോട്ടുകളും അപേക്ഷകളും തള്ളിയതാണ് അറിയുന്നത്. വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ 1,074 പേർ അപേക്ഷിച്ചെങ്കിലും 539 അപേക്ഷകളും തിരൂരങ്ങാടി മണ്ഡലത്തിൽ നിന്ന് അപേക്ഷിച്ച 1,804 അപേക്ഷകരിൽ 1012 പേരുടെ അപേക്ഷകളും വിവിധ കാരണങ്ങൾ പറഞ്ഞ് തള്ളിയിട്ടുണ്ട്. അപേക്ഷകരുടെ ബൂത്ത് ഏതെന്ന് മനസ്സിലാകാത്തതു കൊണ്ടും മറ്റു രേഖകൾ വ്യക്തമല്ലാത്തത് കൊണ്ടുമാണ് അപേക്ഷകൾ തള്ളുന്നതെന്നാണ് അധികൃതരുടെ വാദം. എന്നാൽ ബൂത്ത് ലെവൽ ഓഫീസർമാരും ബന്ധപ്പെട്ടവരും ഈ അപേക്ഷകൾ പൂർണമായും പരിശോധിക്കാതെയും വില്ലേജ് ഓഫീസുകളിൽ നിന്ന് ആവശ്യമായ തരത്തിൽ അതിന്റെ നിയന്ത്രണങ്ങൾ നടത്താതിരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇത്തരത്തിൽ ഭൂരിഭാഗം അപേക്ഷകളും തള്ളാനിടയാക്കിയതെന്ന് പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി സർക്കാറും തിരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെട്ട് എല്ലാ രേഖകളും നൽകുകയും അപേക്ഷ വ്യക്തമായി പൂരിപ്പിക്കുകയും ചെയ്തിട്ടും നിസ്സാരമായ കാരണങ്ങൾ പറഞ്ഞു കയ്യൊഴിയുന്ന താലൂക്ക്, വില്ലേജ്, ബൂത്ത് ലെവൽ ഓഫീസർമാരുടെ നിരുത്തരവാദപരമായ വാദം ന്യായീകരിക്കാനാവില്ല. അപേക്ഷകൾ പൂർണമായും പരിശോധിച്ച് പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് അവസരം നൽകണമെന്നുമാണ് പ്രവാസി സംഘടനകളുടെ ആവശ്യം.