തേഞ്ഞിപ്പലം: ചേളാരി ഐ.ഒ.സി ബോട്‌ലിംങ് പ്ലാന്റിനെതിരായുള്ള ഹരജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിയോടും, ഐ.ഒ.സി പ്ലാന്റ് അധികൃതരോടും ഹൈക്കോടതി ഉത്തരവിട്ടു. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തംഗം കള്ളിയിൽ സവാദ്, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ടി.പി തിലകൻ, ടി.പി അൻവറുദ്ദീൻ എന്നിവർ ചേർന്ന് അഡ്വ.ഇ. നാരായണൻ മുഖേന സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൻ മേലാണ് കോടതി ഉത്തരവ്.
ജനവാസ കേന്ദ്രത്തിലെ പ്ലാന്റിന്റെ പ്രവർത്തനം സുരക്ഷിതമണോ എന്നതിനെ കുറിച്ചും,
ഐ.ഒ.സിയിലെ സുരക്ഷാ സംവിധാനം, സംഭരണ ശേഷി, ഐ.ഒ.സി പ്രവർത്തന സംബന്ധമായി ലഭിച്ച രേഖകൾ തുടങ്ങിയവ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കി വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അഡ്വക്കറ്റ് കമ്മീഷ്ണറെ നിയോഗിക്കുക, പ്ലാന്റിന്റെ അനുമതി റദ്ദാക്കാൻ തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നെങ്കിലും സെക്രട്ടറി മേൽനടപടി കൈകൊണ്ടില്ലെന്നും തുടർ നടപടിക്ക് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകുക, ഐ ഒ സി യുടെ സംഭരണ ശേഷി കുറക്കുകയും അന്തിമഘട്ടത്തിൽ പ്ലാന്റ് ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം.