പൊന്നാനി: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിലെ ചോർച്ച പരിഹാര പ്രവർത്തനങ്ങൾക്ക് സാങ്കേതികാനുമതിയായി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന ടെക്നിക്കൽ കമ്മിറ്റിയിലാണ് സാങ്കേതികാനുമതി നൽകിയത്.
റഗുലേറ്ററിലെ ചോർച്ച തീർക്കാൻ 29.5 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.ഡൽഹി ഐ ഐ ടി തയ്യാറാക്കി നൽകിയ ചോർച്ച പരാഹാര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ഇതിനാണ് സാങ്കേതിക അനുമതി ലഭിച്ചത്.
പരിഹാര പ്രവർത്തനങ്ങൾക്കുള്ള ടെണ്ടർ നടപടി തുടങ്ങിയിട്ടുണ്ട്. ജനുവരി അവസാനത്തോടെ ടെണ്ടർ നടപടി പൂർത്തിയാക്കി കരാറുകാരെ തെരഞ്ഞെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചോർച്ച പരിഹാര റിപ്പോർട്ട് മാസങ്ങൾക്കുമെന്നെ തയ്യാറായിട്ടുണ്ടെങ്കിലും ഭരണ സാങ്കതികാനുമതി വൈകുകയായിരുന്നു.കഴിഞ്ഞ മാസം പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി ഉദ്ഘാടനത്തിനെത്തിയ ജലസേചന വകുപ്പ് മന്ത്രി ചമ്രവട്ടം റഗുലേറ്ററിലെ ചോർച്ചയുടെ കാര്യത്തിൽ യുദ്ധകാല അടിസ്ഥാനത്തിലുള്ള പരിഹാരം ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. വേനലിന് മുൻപ് ചോർച്ച പരാഹാരം സാധ്യമാക്കുകയെന്നതാണ് ലക്ഷ്യം.
ചോർച്ച പരിഹാരത്തിനായി ഭാരതപ്പുഴക്ക് കുറുകെ ഷീറ്റ് പൈലിംഗാണ് ഡൽഹി ഐ ഐ ടി പ്രധാനമായും നിർദ്ദേശിച്ചിട്ടുള്ളത്. ഒരു കിലോമീറ്ററോളം നീ ഉത്തിൽ 11.25 മീറ്റർ ആഴത്തിൽ ഇരുമ്പിന്റെ ഷീറ്റ് പൈലിംഗാണ് ചോർച്ച പരിഹാര പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടത്. ഷട്ടറിന് താഴെയുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. കരിങ്കൽ ബ്ലോക്കുകൾ എടുത്തു മാറ്റി നിശ്ചിത ഉയരത്തിൽ കോൺക്രീറ്റ് ബ്ലോക്ക് പുനക്രമീകരിക്കും. ഷീറ്റ് പൈലിംഗ് കോൺക്രീറ്റ് ചെയ്താണ് നിലനിറുത്തുക. പുഴയുടെ അടിത്തട്ടിൽ നടക്കുന്ന ഈ പ്രവൃത്തികൾക്കു പുറമെ മേൽ തട്ടിലും പുനക്രമീകരണ പ്രവർത്തനങ്ങൾ നടക്കും. റഗുലേറ്ററിനോട് ചേർന്ന ഭാഗങ്ങളിലെ അറ്റകുറ്റപണിയും ചോർച്ച പരിഹാര പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തും.
വർഷങ്ങളായി ഷട്ടർ ഉപയോഗശൂന്യമായി കിടക്കുന്നതിനാൽ മോട്ടോർ ഉൾപ്പെടെയുള്ള യന്ത്രങ്ങൾ പ്രവർത്തനരഹിതമാണ്. ഷട്ടർ ഉയർത്താനാവശ്യമായ പ്രവർത്തനങ്ങൾ അനുബന്ധമായി നടക്കേണ്ടതാണ്. ഇതിനായി മെക്കാനിക്കൽ വിഭാഗം ഒരു കോടി രൂപയുടെ പ്രൊപ്പോസൽ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. റഗുലേറ്ററിലെ എഴുപത് ഷട്ടറുകൾ പ്രവർത്തിപ്പിക്കാൻ എഴുപത് മോട്ടോറുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇവയുടെ നവീകരണ പ്രവർത്തനങ്ങൾ ചോർച്ച പരിഹാരത്തിനൊപ്പം നടത്താൻ അധികൃതർ ശ്രമം നടത്തുന്നുണ്ട്.
പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നിലനിൽക്കുന്നുണ്ടെങ്കിലും ചോർച്ച പരിഹാര നടപടികൾക്ക് ഇത് തടസ്സമല്ല. ഇക്കാര്യത്തിൽ വിജിലൻസ് പ്രത്യേക അനുമതി ലഭ്യമായിട്ടുണ്ട്.