minister
മന്ത്രി

മഞ്ചേരി: മന്ത്രി കെ ടി ജലീലിനെ കരിങ്കൊടി കാണിക്കുകയും വാഹനത്തിനു നേരെ ചീമുട്ടയെറിയുകയും ചെയ്ത സംഭവത്തിൽ മഞ്ചേരിയിൽ അറസ്റ്റു തുടരുന്നു. മൂന്നു പേരെക്കൂടി കേസുമായി ബന്ധപ്പെട്ട് മഞ്ചേരി പോലിസ് അറസ്റ്റു ചെയ്തു. നറുകര വട്ടപ്പാറ കുണ്ടുപറമ്പിൽ വീട്ടിൽ മുഹമ്മദ് റാഷിദ് (26), കരുവമ്പ്രം പുല്ലൂർ കൊടവണ്ടി മുഹമ്മദ് ഷാൻ (26), പുല്ലഞ്ചേരി കൂവ്വക്കാടൻ ഹംസ (28) എന്നിവരെയാണ് മഞ്ചേരി സിഐ എൻ ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ആരോഗ്യ സർവ്വകലാശാല നോർത്ത് സോൺ കലോൽസവം ഉദ്ഘാടനം ചെയ്യാനെത്തുന്നതിനിടെ ശനിയാഴ്ചയാണ് മന്ത്രി കെ ടി ജലീലിനു നേരെ മഞ്ചേരിയിൽ കരിങ്കൊടി പ്രയോഗമുണ്ടായത്. യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി കരിങ്കൊടി കാണിക്കുന്നതിനിടെ മന്ത്രിയുടെ വാഹനത്തിനു നേരെ ചീമുട്ടയുമെറിഞ്ഞു. സംഭവ ദിവസം ആമയൂർ സ്വദേശി ഷൈജൽ (36), മുട്ടിപ്പാലം സ്വദേശി കൂളമഠത്തിൽ സാദിഖ് (30), പയ്യനാട് മുരിങ്ങത്ത് നിഷാദ് (32), മഞ്ചേരി നൈനാം വളപ്പിൽ മുഹമ്മദ് അർഷിദ് (29), പട്ടർകുളം സ്വദേശി തുപ്പത്ത് ഷബീർ കുരിക്കൾ(34) എന്നിവരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. കണ്ടാലറിയാവുന്ന പന്ത്രണ്ടോളം പേർക്കെതിരെയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കൽ, പൊലിസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ആദ്യം അറസ്റ്റിലായ അഞ്ചുപേർക്ക് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉപാധികളോടെ ജാമ്യം നൽകിയിരുന്നു.