മഞ്ചേരി: മഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് ഹുസൈന്‍ വല്ലാഞ്ചിറയുടെ വീടിനുനേരെ ആക്രമണം. ചെട്ടിയങ്ങാടിയിലുള്ള വീടിനു നേരെ അജ്ഞാത സംഘം കല്ലെറിയുകയായിരുന്നു. ഞായറാഴ്ച രാത്രി 11.50ഓടെയായിരുന്നു സംഭവം. മിനിറ്റുകളുടെ വ്യത്യാസത്തില്‍ എട്ടു കല്ലുകളാണ് വീടിനു നേരെ എറിഞ്ഞതെന്നു ഹുസൈന്‍ വല്ലാഞ്ചിറ പറഞ്ഞു. ആക്രമണത്തില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകളും വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട വാഹനവും തകര്‍ന്നു. വീടിനു സാരമായ കേടുപാടുകളാണ് ഉണ്ടായിരിക്കുന്നത്.
ശബ്ദം കേട്ടു വീട്ടുകാര്‍ പുറത്തെത്തിയപ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് ഹുസൈന്‍ വല്ലാഞ്ചിറ മഞ്ചേരി പൊലിസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചതായി എസ്‌ഐ ജലീല്‍ കറുത്തേടത്ത് വ്യക്തമാക്കി. ശബരിമല പ്രശ്‌നത്തില്‍ സംസ്ഥാന വ്യാപകമായി രാഷ്ട്രീയ അതിക്രമങ്ങള്‍ തുടര്‍ക്കഥകളാവുന്നതിനിടെ മഞ്ചേരിയില്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സമാധാന സദസ് സംഘടിപ്പിക്കുന്നതിനു തലേദിവസമാണ് ആക്രമണം. ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്നും ആക്ഷേപമുണ്ട്.