മലപ്പുറം: ബേഠി ബചാവോബേഠീ പഠാവോ എന്ന പേരിൽ കേന്ദ്ര സർക്കാർ നടത്തുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നടപ്പാക്കുന്ന ഭസുവർണ കന്യക' എന്ന സ്ത്രീശാക്തീകരണ പദ്ധതി ഗവർണർ പി സദാശിവം 11ന് മലപ്പുറത്ത് ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് മലപ്പുറം ടൗൺ ഹാളിലാണ് പരിപാടി. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും ജില്ലാ ഭരണകൂടവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം, പെൺകുട്ടികളിലെ പോഷകക്കുറവ് എന്നീ സാഹചര്യങ്ങൾ പരിഗണിച്ചാണ് സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ജില്ലയിൽ പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. കലാപ്രകടനം നടത്തിയ കുട്ടികൾക്ക് ഗവർണർ സമ്മാനങ്ങൾ നൽകും. പരിപാടികൾ വൈകീട്ട് അഞ്ച് വരെ നീണ്ടുനിൽക്കും.
ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ ജില്ലാ കളക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ ഡയറക്ടർ എസ് സുബ്രഹ്മണ്യൻ, സെന്റർഫോർ എംപവർമെന്റ് ആൻഡ് എന്റിച്ച്‌മെന്റ് പ്രതിനിധി ഡോ. പി.എമേരി അനിത, അസി. കളക്ടർ വികൽപ് ഭരദ്വാജ്, വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.