മലപ്പുറം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പട്ടികയിൽ ചാലിയാറിനൊപ്പം ഇനി ചേലേമ്പ്ര ഗ്രാമപഞ്ചായത്തും ഇടംപിടിക്കും.ചേലേമ്പ്രയിലെ ജൈവ വൈവിധ്യ സാധ്യതകളെ പ്രയോജനപ്പെടുത്തി കൊണ്ട് പഞ്ചായത്തിലെ പുല്ലിപ്പുഴയിലാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ റിസോഴ്സ് മാപ്പിങ് പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി സ്‌പെഷ്യൽ ഗ്രാമസഭചേർന്നു. പുല്ലിപ്പുഴ പരിസരത്ത് നടന്ന ഗ്രാമസഭ എം.എൽ.എ പി. അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് അധ്യക്ഷ്യം വഹിച്ചു.
ലോക ടൂറിസം ഭൂപടത്തിൽചേലേമ്പ്രയ്ക്ക് മികച്ച സ്ഥാനം കണ്ടെത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയെ സംബന്ധിച്ച് വിനോദ സഞ്ചാര വകുപ്പ് ജില്ലാകോർഡിനേറ്റർ സിബിൻപോൾ വിശദീകരണം നടത്തി. പദ്ധതിയെക്കുറിച്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച ചെയ്യുകയും ചെയ്തു. വ്യത്യസ്ത ഇനം കണ്ടലുകളാൽ സമൃദ്ധമായ പുല്ലിപ്പുഴയും കടലുണ്ടി പക്ഷിസങ്കേതവും കാണാൻ ദിനം പ്രതി നിരവധി സന്ദർശകരാണ് ജില്ലയിൽ നിന്നും പുറത്തു നിന്നുമായി എത്തുന്നത്. ഇവ ടൂറിസം രംഗത്ത് പഞ്ചായത്തിന് ഏറെ സാധ്യതകൾ നൽകുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷിന്റെ താല്പര്യപ്രകാരം ഉത്തരവാദിത്വ ടൂറിസം മിഷനിൽ പ്രൊജക്ട് സമർപ്പിച്ചത്. തുടർന്ന് അംഗീകാരം ലഭിക്കുകയായിരുന്നു.
പദ്ധതിയുടെ നടത്തിപ്പിനായി മൂന്ന് റിസോഴ്സ് പ്രവർത്തകരുടെനേതൃത്വത്തിൽ ഫീൽഡ് സർവേ നടത്തും. സർവേ പ്രകാരം ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുക. രണ്ടുമാസത്തിനകം സർവേ പ്രവർത്തികൾ പൂർത്തീകരിക്കും. പദ്ധതി പൂർണ്ണമായും പരിസ്ഥിതിയ്ക്ക് അനുയോജ്യമായ രീതിയിലാവും നടപ്പിലാക്കുന്നത്. കൂടാതെ പ്രദേശവാസികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകാനും പദ്ധതിയിലൂടെ കഴിയും.
ഗ്രാമസഭയിൽ ജില്ലാപഞ്ചായത്ത് മെമ്പർ സെറീന ഹസീബ്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. ജമീല,ബ്ലോക്ക് സ്ഥിരസമിതി കമ്മിറ്റി ചെയർമാൻ കെ. പി അമീർ, ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി കമ്മിറ്റി ചെയർമാൻമാരായ അബ്ദുൽ അസീസ്, കെ.എൻ ഉദയകുമാരി, സി.ശിവദാസൻ, പഞ്ചായത്ത് മെമ്പർമാരായ കെ.പി കുഞ്ഞിമൂട്ടി, കെ.ദാമോദരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ഗംഗാധരൻ നായർ, കെ.കെസുഹറ, ഷബീർ അലി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.അയ്യപ്പൻ, പഞ്ചായത്ത് സെക്രട്ടറി സന്തോഷ്,ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ്. മാനേജർ ഉണ്ണി എന്നിവർ പങ്കെടുത്തു.