മലപ്പുറം: സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് ജില്ലയിൽ പലയിടങ്ങളിലും ഹർത്താലായി മാറി. പ്രധാന നഗരങ്ങളിൽ ഏതാണ്ട് പണിമുടക്ക് പൂർണ്ണമായിരുന്നു. ചെറുനഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചു. പ്രതിഷേധക്കാരെ ഭയന്ന് രാവിലെ തുറക്കാതിരുന്ന വ്യാപാരസ്ഥാപനങ്ങൾ പലതും പിന്നീട് തുറന്നു. സ്വകാര്യ വാഹനങ്ങൾ വലിയ തോതിൽ നിരത്തിലിറങ്ങിയെങ്കിലും എവിടെയും തടഞ്ഞില്ല. കെ.എസ്.ആർ.ടി.സിക്കൊപ്പം സ്വകാര്യ ബസുകളും സർവീസ് നടത്താതിരുന്നത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി. ഓട്ടോ, ടാക്സി എന്നിവയും നാമമാത്രമായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിലടക്കം രോഗികളുടെ എണ്ണം നന്നേ കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നെങ്കിലും കുട്ടികളുടെയും അദ്ധ്യാപകരുടെയും വലിയ കുറവുണ്ടായി. സർക്കാർ സ്ഥാപനങ്ങളിലും ഭൂരിഭാഗം ഉദ്യോഗസ്ഥരും ഹാജരായില്ല. കാലിക്കറ്റ് സർവകലാശാലയിലും ഹാജർ നില നന്നേ കുറഞ്ഞു. ആശുപത്രികൾക്ക് സമീപം പോലും ഹോട്ടലുകൾ അടഞ്ഞു കിടന്നത് വലിയ ദുരിതമുണ്ടാക്കി. രാവിലെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടത്തി. പരപ്പനങ്ങാടി, തിരൂർ, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ സമരാനുകൂലികൾ ട്രെയിൻ തടഞ്ഞു. പരപ്പനങ്ങാടിയിൽ എറണാകുളം - കണ്ണൂർ ഇന്റർസിറ്റി നാൽപ്പത് മിനിറ്റോളം തടഞ്ഞു. ട്രെയിനിന് മുന്നിൽ കൊടി നാട്ടി റെയിൽപാളത്തിലിരുന്ന സമരാനുകൂലികളെ ആർ.പി.എഫ്, പരപ്പനങ്ങാടി പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു നീക്കി. ട്രെയിനിൽ യാത്രക്കാർ നന്നേ കുറവായിരുന്നു. തിരൂർ സ്റ്റേഷനിൽ രാവിലെ പത്തരയോടെ എത്തിയ നേത്രാവതി ട്രെയിൻ ആറ് മിനിറ്റോളം സമരക്കാർ തടഞ്ഞു. ട്രെയിൻ തടയലിന് കൂട്ടായി ബഷീർ, കെ.പി ഹരീഷ്കുമാർ, വി.പി ഹംസ, എം.എസ് പ്രസാദ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്രർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. അങ്ങാടിപ്പുറത്ത് രാവിലെ 9.55ന് ഷൊർണ്ണൂർ - നിലമ്പൂർ പാസഞ്ചർ ട്രെയിൻ അര മണിക്കൂറോളം തടഞ്ഞു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷനുകളിലേക്ക് പ്രകടനമായി എത്തിയാണ് ട്രെയിനുകൾ തടഞ്ഞത്. സമരാനുകൂലികൾ നിർബന്ധിപ്പിച്ച് കടകൾ അടപ്പിക്കാൻ ശ്രമിച്ചത് ചിലയിടങ്ങളിൽ വ്യാപാരികളും സമരാനുകൂലികളും തമ്മിൽ സംഘർഷത്തിന് വഴിയൊരുക്കി. മഞ്ചേരി - മലപ്പുറം റോഡിലെ കടകൾ തുറക്കാൻ ശ്രമിച്ചത് സമരക്കാർ തടഞ്ഞതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും നേരിയ സംഘർഷവുമുണ്ടായി. രാവിലെ ചില കടകൾ തുറന്നപ്പോൾ സമരക്കാർ കൂട്ടമായെത്തി കടകളടപ്പിച്ചു. പത്ത് മണിയോടെ വ്യാപാരികൾ സംഘടിച്ചു കടകൾ തുറക്കാൻ ശ്രമിച്ചതോടെ സമരക്കാർ മുദ്രാവാക്യങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. മലപ്പുറം റോഡിലെ കൊരമ്പയിൽ ക്ലോത്ത് മാർട്ട് തുറക്കാൻ ശ്രമിച്ചത് സമരക്കാർ തടഞ്ഞു. കുറഞ്ഞ പൊലീസുകാർ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ . പ്രതിഷേധത്തെ തുടർന്ന് ഒരുഷട്ടർ അടച്ചെങ്കിലും പൂർണ്ണമായും അടക്കാൻ വ്യാപാരികൾ തയ്യാറായില്ല. കടകൾ അടക്കില്ലെന്ന് വ്യാപാരികൾ നിലപാടെടുത്തതോടെ പിന്നീട് നഗരത്തിലേക്ക് കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. വ്യാപാരികൾ കട തുറന്നാൽ അടപ്പിക്കില്ലെന്ന നിലപാടിലായിരുന്നു ട്രേഡ് യൂണിയൻ നേതാക്കൾ. എന്നാൽ ഈ വാക്ക് പലയിടങ്ങളിലും പാലിക്കപ്പെട്ടില്ല. മഞ്ചേരിയിൽ ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിലാണ് സമരക്കാർ രാവിലെ മുതൽ നഗരത്തിൽ തമ്പടിപ്പിച്ചത്. ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ നഗരത്തിലെത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. പിന്നീട് ചിലയിടങ്ങളിൽ കടകൾ തുറന്നെങ്കിലും പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. ചങ്ങരംകുളത്ത് കടകൾ തുറക്കാൻ ശ്രമിച്ച വ്യാപാരികളും ഹർത്താൽ അനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി. പെരിന്തൽമണ്ണയിൽ പണിമുടക്ക് ഹർത്താൽ പ്രതീതിയിലായിരുന്നു. നാമമാത്രമായ കടകളാണ് തുറന്നത്. ഓട്ടോറിക്ഷകൾ പോലും അധികം നിരത്തിലിറങ്ങിയില്ല. ജില്ലാ ആസ്ഥാനത്തും പണിമുടക്ക് പൂർണ്ണമായിരുന്നു. കട കമ്പോളങ്ങൾ മിക്കതും അടഞ്ഞു കിടന്നു. കളക്ടറേറ്റിൽ ഭൂരിഭാഗം ഓഫീസുകളും പ്രവർത്തിച്ചില്ല. വിവിധ ആവശ്യങ്ങൾക്കായി എത്തിയവരും നാമമാത്രമായിരുന്നു. തേഞ്ഞിപ്പലം: ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ചേളാരി ഐ.ഒ.സി പ്ലാന്റിൽ ജോലിക്കെത്തിയ ഏതാനും ബി.എം.എസ് പ്ലാന്റ് തൊഴിലാളികളെ തടയാനുള്ള സംയുക്ത സമരസമിതിയുടെ ശ്രമം പരാജയപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാർ നേരത്തെ ജീവനക്കാർ കയറുന്നതിന് അനുമതി നിഷേധിച്ചിരുന്നു.തുടർന്ന് തേഞ്ഞിപ്പലം എസ്.ഐ. ബിനു കെ. തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് ജോലിക്കെത്തിയവർക്ക് സംരക്ഷണം നൽകുകയായിരുന്നു.