മഞ്ചേരി: ട്രേഡ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ദേശീയ പണിമുടക്കിനിടെ വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചതിനെച്ചൊല്ലി മഞ്ചേരിയിൽ പണിമുടക്ക് അനുകൂലികളും വ്യാപാരികളും തമ്മിൽ സംഘർഷമുണ്ടായി. ഇന്നലെ പതിവുപോലെ മഞ്ചേരിയിലെ മിക്ക വ്യാപാര സ്ഥാപനങ്ങളും തുറന്നിരുന്നു. പിന്നീട് പണിമുടക്കനുകൂലികൾ നടത്തിയ പ്രകടനത്തോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.പ്രകടനം നഗര മദ്ധ്യത്തിിലൂടെ കടന്നു പോവുമ്പോൾ വ്യാപാര സ്ഥാപനങ്ങൾ ബലമായി അടപ്പിക്കാൻ വ്യാപക ശ്രമങ്ങളുണ്ടായി. ഇതോടെ വ്യാപാരികളും സംഘടിച്ചു. സമരാനുകൂലികളുടെ പ്രകടനത്തിനു സമാന്തരമായി വ്യാപാരികളുടെ പ്രതിഷേധ മാർച്ചും നടന്നു. കൂടുതൽ വ്യാപാരികൾ എത്തിയതോടെ ട്രേഡ് യൂണിയൻ പ്രവർത്തകർ അടപ്പിച്ച സ്ഥാപനങ്ങൾ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ ഇടപെട്ടു തുറന്നു. ഇത് ഇരുപക്ഷവും തമ്മിലുള്ള വാക്കേറ്റത്തിനിടയാക്കി. ഇരുവിഭാഗം നേതാക്കളും തമ്മിലുള്ള സംഘർഷം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. നാമമാത്രമായ പൊലീസ് സംഘം മാത്രമാണ് ഈ സമയം സംഘർഷ സ്ഥലത്തുണ്ടായിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി രംഗം ശാന്തമാക്കി. തുറന്നു പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യാപാരികൾക്കു ഉറപ്പു നൽകി. സംഘർഷത്തിനു ശേഷം നാമമാത്രമായ സ്ഥാപനങ്ങൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്.