vv
.

പൊന്നാനി: മഖ്‌ദൂം - സാമൂതിരി ബന്ധത്തിന്റെ ദൃഢതയും ഈജിപ്തുമായുള്ള വ്യാപാര, സൈനിക അടുപ്പത്തിന്റെ ശേഷിപ്പുമായ പൊന്നാനിയിലെ മിസ്‌രി പള്ളി പൊളിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ള മിസ്‌രി പള്ളിയുടെ മുൻഭാഗത്തെ ഓടുമേഞ്ഞ മേൽക്കൂര പൊളിച്ചുനീക്കി. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി പഴമയോടെ നിലനിറുത്താൻ തീരുമാനിച്ച പള്ളി പൊളിച്ച് പുനർനിർമ്മിക്കാനുള്ള നീക്കം പൊന്നാനി നഗരസഭ ഇടപെട്ട് തടഞ്ഞു. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നിർദ്ദേശ പ്രകാരമാണ് ഇടപെടൽ.
മുസ്‌രിസ് പൈതൃക സംരക്ഷണ പദ്ധതി മാതൃകയിൽ പൊന്നാനിയിൽ നടപ്പാക്കാൻ തീരുമാനിച്ച പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുന്നതാണ് മിസ്‌രി പളളി. പൗരാണിക വാസ്തുശിൽപ്പ മാതൃകയിൽ തീർത്ത പള്ളി അറബി കാലിഗ്രഫിയിൽ സമ്പന്നമായിരുന്നു. വലിയതോതിൽ മരം ഉപയോഗിച്ചാണ് പള്ളിയുടെ നിർമ്മാണം. സൈനുദ്ദീൻ മഖ്ദൂം നിർമ്മിച്ച വലിയ ജുമാഅത്ത് പള്ളിക്ക് ഉപയോഗിച്ച മരത്തിന്റെ ബാക്കി മിസ്‌രി പള്ളിയുടെ നിർമ്മാണത്തിനുപയോഗിച്ചെന്നും പറയപ്പെടുന്നു. പുതുപ്പട്ടണത്തെ കുഞ്ഞാലി മരയ്ക്കാരുടെ വീടിനോടു ചേർന്ന് മിസ്‌രി പള്ളിയുടെ മാതൃകയിലുള്ള പള്ളിയുണ്ട്.
കേടുപാടുകൾ തീർത്ത് പള്ളി പഴമയോടെ നിലനിറുത്തണമെന്നാണ് ആവശ്യം. പൊന്നാനിയുടെ പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ സംരക്ഷിക്കാൻ തീരുമാനിച്ചവയിൽ ഉൾപ്പെടുന്നതാണ് മിസ്‌രി പള്ളി. പഴമ വിടാതെ പൗരാണിക ശിൽപ്പ ചാരുതയോടെ പള്ളി നിലനിറുത്തണമെന്ന ആവശ്യവുമായി ചരിത്രകാരന്മാർ രംഗത്തുവന്നിട്ടുണ്ട്. പള്ളി പൊളിക്കുന്നത് നിറുത്തിവയ്ക്കാൻ നഗരസഭ സെക്രട്ടറി നേരിട്ട് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ പള്ളി ഭാരവാഹികൾക്ക് വ്യാഴാഴ്ച്ച നഗരസഭ നോട്ടീസ് നൽകും. ഭാരവാഹികളുമായി ചർച്ച നടത്തുമെന്ന് ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി പറഞ്ഞു.

പള്ളിയുടെ പഴക്കം

1500കളുടെ തുടക്കത്തിലാണ് മിസ്‌രി പള്ളി സ്ഥാപിക്കുന്നത്.

ഈജിപ്തിൽ നിന്ന് പൊന്നാനിയിലെത്തിയവരാണ് പള്ളി പണിതതെന്നാണ് ചരിത്രം.

മിസ്റിൽ നിന്നുള്ളവർ എന്ന അർത്ഥത്തിലാണ് പള്ളിക്ക് മിസ്‌രി എന്ന പേര് വന്നത്.
വാസ്ക്കോ ഡി ഗാമയുടെ വരവോടെ മലബാറിലുണ്ടായ അതിക്രമങ്ങളെ പ്രതിരോധിക്കാൻ സാമൂതിരിയുടെ നിർദ്ദേശ പ്രകാരം സൈനുദ്ദീൻ മഖ്ദൂമിന്റെ അഭ്യർത്ഥനയനുസരിച്ച് പൊന്നാനിയിലെത്തിയ ഈജിപ്തിൽ നിന്നുള്ള സൈന്യം അവരുടെ ക്യാമ്പിനോട് ചേർന്ന് സ്ഥാപിച്ചതാണ് മിസ്‌രി പള്ളിയെന്നാണ് ചരിത്രത്തിലെ പ്രധാന അഭിപ്രായം.സൈനുദ്ദീൻ മഖ്ദൂമിന്റെ തുഹ്ഫത്തുൽ മുജാഹിദീനിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട്. ആധുനിക ചരിത്രകാരന്മാരും ഇക്കാര്യം അടിവരയിടുന്നു.

വഴിതെറ്റി എത്തിയ ഈജിപ്തിൽ നിന്നുള്ള വ്യാപാരികൾ പൊന്നാനിയിൽ താമസമാക്കി നിർമ്മിച്ചതാണ് ഈ പള്ളിയെന്ന അഭിപ്രായവുമുണ്ട്


പളളിയുടെ കാലപ്പഴക്കം കാരണം ഉണ്ടായ കേടുപാടുകൾ അറ്റകുറ്റപ്പണി തീർക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്

പള്ളി കമ്മിറ്റി ഭാരവാഹികൾ