jjj
പ്രതികൾ

പെരിന്തൽമണ്ണ: പൊലീസ് നടത്തിയ രഹസ്യ പരിശോധനയിൽ ടൗണിലും പരിസരങ്ങളിലും നിന്ന് രണ്ടു കഞ്ചാവു വിൽപ്പനക്കാരും ആറോളം ഉപഭോക്താക്കളും അറസ്റ്റിലായി. കഞ്ചാവിന്റെ മൊത്ത വിതരണക്കാരനായ അങ്ങാടിപ്പുറം വൈലോങ്ങര പാലത്തിങ്ങൽ അബ്ദുൾ ഹക്കീമിനെ(20) പെരിന്തൽമണ്ണ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപംവച്ച് 1.700 കിലോഗ്രാം കഞ്ചാവുമായും ചെറുകിട വിൽപ്പനക്കാരനായ നാട്യമംഗലം സ്വദേശി കുറുപ്പത്ത് മുഹമ്മദ് ഷെരീഫ് എന്ന ഷെരീഫിനെ (39) പട്ടാമ്പി റോഡിൽവച്ച് 60 ഗ്രാം കഞ്ചാവുമായും പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഉപഭോക്താക്കളായ ടി.എൻ.പുരം സ്വദേശി പൊക്കത്തില്ലത്ത് മുഹമ്മദ് സവാദ് (33), നാട്യമംഗലം സ്വദേശി പള്ളിയാലിൽ സഹീർബാബു (39), പുഴക്കാട്ടിരി സ്വദേശികളായ ആൽപ്പാറ നാരായണൻ (60), കരിമ്പന പള്ളിയാലിൽ മനോജ് കുമാർ (35), നെല്ലിക്കുന്ന് വീട്ടിൽ ലാൽ (52), മണ്ണാർമല സ്വദേശി പള്ളിപ്പാറ വീട്ടിൽ മുഹമ്മദ് ഷഹീർ (24) എന്നിവർ അറസ്റ്റിലായത്.

മുഖ്യപ്രതി അബ്ദുൾ ഹക്കീമിനെ വിശദമായി ചോദ്യംചെയ്തു. തമി‌ഴ്‌നാട്ടിലെ ദിണ്ടിഗൽ, ഓട്ടൻഛത്രം ഭാഗങ്ങളിലെ ഉൗരുകളിൽ നിന്ന് കിലോയ്ക്ക് 15000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗ്ഗം ബാഗിലാണ് കൊണ്ടുവരുന്നതെന്ന് ഹക്കീം മൊഴിൽ നൽകിയതായി പൊലീസ് പറഞ്ഞു. പട്ടാമ്പി, കൊപ്പം ഭാഗങ്ങളിലെ മുഖ്യ വിതരണക്കാരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.

പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിൽ സി.ഐ ടി.എസ്.ബിനു, എസ്.ഐ മഞ്ജിത്ത് ലാൽ, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സി.പി.മുരളീധരൻ, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ്‌കുമാർ, സുകുമാരൻ, പി.അനീഷ്, പ്രമോദ്, പ്രഫുൽ, വിപിൻ ചന്ദ്രൻ, അജീഷ്, ജയൻ, ജയമണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കഞ്ചാവിന് കോഡ്

പെരിന്തൽമണ്ണനഗരത്തിൽ കോഡ് ഭാഷ ഉപയോഗിച്ചാണ് കഞ്ചാവ് വിതരണമെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപംവച്ച് കഞ്ചാവ് ബീഡി വലിച്ചയാളെ മഫ്ടി പൊലീസ് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് രഹസ്യ കോഡിനെക്കുറിച്ച് വിവരം ലഭിച്ചത്.

കോഡ് ഭാഷ പറഞ്ഞാലേ കഞ്ചാവ് പായ്ക്കറ്റുകളുമായി വിൽപ്പനക്കാർ വരൂ.

കോഡ് ഭാഷ ഉപയോഗിച്ച് മഫ്തി പൊലീസ് ആവശ്യക്കാരായി വിൽപ്പനക്കാരനെ സമീപിക്കുകയും മുഖ്യ വിതരണക്കാരനടക്കം എട്ടോളം പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു