നിലമ്പൂർ: പതിമൂന്നാമത് നിലമ്പൂർ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവൽ മെഗാ സ്റ്റേജ് ഷോകൾക്ക് ഇന്ന് കോടതിപ്പടിയിലെ പാട്ടുത്സവ് നഗരിയിൽ തുടക്കം.
വൈകിട്ട് ഏഴിന് പ്രമുഖ സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ ഉദ്ഘാടനം ചെയ്യും. പാട്ടുത്സവ് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അദ്ധ്യക്ഷത വഹിക്കും.
സാംസ്കാരിക സമ്മേളനത്തിനു ശേഷം വിദ്വാൻ മ്യൂസിക് ബാന്റ്. 11ന് രഹ്നയും സംഘവും അവതരിപ്പിക്കുന്ന ഇശൽ നിലാവ്. 12ന് തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്റ്. വിനോദത്തിനായി ടാക്സി ഡ്രൈവർമാരുടെ കാർണിവലും പാട്ടുത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പാട്ടുത്സവത്തിന്റെ ഭാഗമായി നിലമ്പൂർ ബാലൻ നാടകോത്സവവും ഗസലും ഗവൺമെന്റ് യു.പി സ്കൂളിനു സമീപത്തെ ഗ്രൗണ്ടിലാണ് അരങ്ങേറിയത്. മെഗാസ്റ്റേജ് ഷോയുടെ അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായി. കലാവിരുന്നുകൾ ആസ്വദിക്കാൻ ജില്ലക്കകത്തും പുറത്തുനിന്നുമായി ഒരു ലക്ഷത്തിലേറെ കലാസ്വാദകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗജന്യമായാണ് പ്രവേശനം.
പൊലീസിനൊപ്പം പരിപാടികൾ നിയന്ത്രിക്കാനായി 600 വാളന്റിയർമാരെയും നിയോഗിച്ചിട്ടുണ്ട്. വാളന്റിയർമാരുടെ യോഗം പാട്ടുത്സവ് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ കെ.എം ബിജു, യു. നരേന്ദ്രൻ, വിനോദ് പി. മേനോൻ, പി.വി സനിൽകുമാർ, തടത്തിൽ നൗഷാദ് എന്നിവർ പ്രസംഗിച്ചു.