തിരൂരങ്ങാടി: വിവിധ സർക്കാർ വകുപ്പുകളുടെ കെട്ടിടനിർമ്മാണവും അനുബന്ധ സൗകര്യങ്ങളും പൂർത്തിയായെങ്കിലും ഇവ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. മുൻ സർക്കാരിന്റെ കാലത്ത് പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത കെട്ടിടങ്ങളും ഇടതുസർക്കാർ അധികാരമേറ്റ ശേഷം പണി പൂർത്തിയാക്കിയ കെട്ടിടങ്ങളും ഈ കൂട്ടത്തിലുണ്ട്. വകുപ്പുകളിലേക്ക് പുതിയ ജീവനക്കാരെ നിയോഗിക്കാത്തതാണ് കെട്ടിടങ്ങളെ നോക്കുകുത്തിയാക്കുന്നത്. തിരുരങ്ങാടി നഗരസഭയിലെ ആയുർവേദ ആശുപത്രി കെട്ടിടം കഴിഞ്ഞ യു. ഡി.എഫ് സർക്കാരിന്റെ അവസാന കാലയളവിൽ മുൻമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ്. ഈ കെട്ടിടം 2015 ആഗസ്റ്റ് മാസത്തിൽ ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനം കഴിഞ്ഞെങ്കിലും ജീവനക്കാരെ നിയമിച്ചില്ല. പിന്നീട് പുതിയ സർക്കാർ വന്നെങ്കിലും ഇതേ നില തുടർന്നു. പത്ത് കിടക്കകളും ഫാർമസിയുമടക്കം കിടത്തിയുള്ള ചികിത്സാ സൗകര്യമുള്ള കെട്ടിടമാണ് പുട്ടിയിട്ടിരിക്കുന്നത്. എന്നാൽ 30 കിടക്കകളുള്ള ആശുപത്രികൾക്ക് മാത്രം അംഗീകാരം നൽകിയാൽ മതിയാണെന്നാണ് സർക്കാർ തീരുമാനം. മുപ്പത് കിടക്കകൾക്കുള്ള സൗകര്യം ഏർപ്പെടുത്തുതിനായി 75 ലക്ഷം രൂപ എം.എൽ.എ.ഫണ്ടിൽ നിന്നും മുമ്പ് അനുവദിച്ചിരുന്നു. എന്നാൽ ഇതിന്റെ തുടർപ്രവർത്തനങ്ങളും എങ്ങുമെത്താത്ത അവസ്ഥയാണ്.ആശുപത്രിയിലേക്കാവശ്യമായ ഫർണ്ണിച്ചറുകളടക്കമുള്ള സൗകര്യങ്ങളും ഇതുവരെ എത്തിയിട്ടില്ല.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തീരദേശ മേഖലയിലെ ആളുകളുടെ നിരന്തര ആവശ്യപ്രകാരം
പരപ്പനങ്ങാടിയിൽ പത്ത് കിടക്കളോടുകൂടി കിടത്തി ചികിത്സാ സൗകര്യമുള്ള ഫിഷറീസ് ആശുപത്രിയുടെ ഉദ്ഘാടനവും നടന്നിരുന്നു. എന്നാൽ ഡോക്ടർമാരെയുംമറ്റു ജീവനക്കാരെയും നിയമിക്കാത്തതിനാൽ ഈ കെട്ടിടവും വെറുതെ കിടന്ന നശിക്കുകയാണ്.