പെരിന്തൽമണ്ണ: ആനമങ്ങാട് പരിയാപുരം എൽ.പി സ്കൂളിലെ പ്രധാന അദ്ധ്യാപകൻ സി.എച്ച്. മുനീറിനെയും(33) മാനേജ്മെന്റ് പ്രതിനിധി പി. ബാബുരാജിനെയും(52) വാഹനമിടിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ . മഞ്ചേരി സ്വദേശി മാങ്ങോട്ട് വീട്ടിൽ രാജേഷ്(44) ആണ് അറസ്റ്റിലായത്. പരിക്കേറ്റവർ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലാണ്.
പരിയാപുരം സ്കൂളിൽ പഠിക്കുന്ന തന്റെ മകനെ കൊണ്ടു പോകാനാണ് രാജേഷ് എത്തിയത്. രാജേഷും ഇതേ സ്കൂളിലെ അദ്ധ്യാപിക കൂടിയായ ഭാര്യയും തമ്മിൽ ഏറെക്കാലമായി പിരിഞ്ഞിരിക്കുകയാണ്. ഇതുസംബന്ധിച്ച് കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് രാജേഷ് കുട്ടിയെ സ്കൂളിൽ നിന്നും കൊണ്ടുപോകാനെത്തിയത്. ഇത് അദ്ധ്യാപകർ തടഞ്ഞു. വൈകിട്ട് നാലോടെ കുട്ടി സ്കൂൾ വിട്ട് ഒരു കിലോമീറ്റർ ദൂരെയുള്ള അമ്മയുടെ വീട്ടിലേക്ക് സ്കൂൾ ബസ്സിൽ മടങ്ങുമ്പോൾ മുനീറും കുട്ടിയുടെ ബന്ധുകൂടിയായ ബാബുരാജും ബൈക്കിൽ ബസിനൊപ്പം പോയി.
ഇതിൽ കുപിതനായ രാജേഷ് മുനീറിനെയും ബാബുരാജിനെയും കാറിടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സാരമായി പരിക്കേറ്റ ഇവർ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലാണ് . വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിനും പരിക്കേൽപ്പിച്ചതിനും പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.