തേഞ്ഞിപ്പലം: മലപ്പുറം വളാഞ്ചേരിയിലെ വെണ്ടല്ലൂരിന് സമീപമുള്ള പറമ്പത്ത് കാവില്‍ നിന്ന് ചരിത്ര ഗവേഷകര്‍ പ്രാചീനകാലത്തെ ജീവിത തെളിവുകളായ കല്‍ക്കുഴികള്‍ കണ്ടെത്തി. ഇതേസ്ഥലത്തു നിന്ന് മുമ്പ് കണ്ടെത്തിയ തെളിവുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി സ്ഥലത്ത് പരിശോധന നടത്തിയ തഞ്ചാവൂര്‍ സര്‍വ്വകലാശാലയിലെ ഡോ: വി. സെല്‍വകുമാര്‍, കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഡോ: പി. ശിവദാസന്‍ എന്നിവരടങ്ങുന്ന സംഘമാണ് പുതിയ തെളിവുകള്‍ കണ്ടെത്തിയത്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഗവേഷക സംഘം നടത്തിയ പ്രാഥമിക പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിക്കുന്നത്. ഡോ; എം.ആര്. രാഘവവാര്യരുടെ ആമുഖക്കുറിപ്പോടെ കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കും. ശേഖരിച്ച തെളിവുകളുടെ വ്യക്തത ഉറപ്പുവരുത്താനായി നടത്തിയ തുടര്‍പരിശോധനയിലാണ് ചെങ്കല്‍പ്പാറയില്‍ ഇരുമ്പ് ആയുധം കൊണ്ട് നിര്‍മ്മിച്ച നീണ്ട നിരയിലുള്ള 28 ചെറിയ കല്‍ക്കുഴികള്‍ കണ്ടെത്തിയത്. ഇതിന് പുറമെ വടക്കുപടിഞ്ഞാറ് ദിശയില്‍ നിര്‍മ്മിച്ച അര്‍ദ്ധവൃത്താകൃതിയിലുള്ള ചെങ്കല്ചാലും കണ്ടെത്തിയിട്ടുണ്ട്. പൊന്നാനി തുറമുഖത്തെ തമിള്‍, കര്‍ണാടക പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന കച്ചവട പാതയിലാണ് ഈ പ്രദേശം നിലകൊള്ളുന്നത് എന്നത് ഗവേഷണ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതായി ഡോ: പി ശിവദാസന്‍ പറഞ്ഞു. പഠനറിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണത്തിന് ശേഷം വിപുലമായ ഗവേഷണ പ്രവര്‍ത്തനം നടത്താനാണ് ഇവരുടെ തീരുമാനം.