misri
മിസ്‌രി പള്ളി

പൊന്നാനി: ചരിത്രവും പൈതൃകവും പറയുന്ന പൊന്നാനി മിസ്‌രി പള്ളി പഴമയോടെ സംരക്ഷിക്കാൻ വഴികൾ തെളിയുന്നു. പൊന്നാനി നഗരസഭയും നിയമസഭ സ്പീക്കറും സംയുക്തമായി ഇക്കാര്യത്തിൽ ഇടപെടും. പുരാവസ്തു വകുപ്പിൽ നിന്നുള്ള സഹായം തേടാനും ധാരണയായി. പുരാവസ്തു വകുപ്പുമായി നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി ആശയ വിനിമയം നടത്തി. പളളി പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി പഴമയോടെ നിലനിറുത്താൻ സന്നദ്ധമാണെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. മഖ്ദൂം - സാമൂതിരി ബന്ധത്തിന്റെ ദൃഢതയും ഈജിപ്തുമായുള്ള വ്യാപാര സൈനിക അടുപ്പത്തിന്റെ ശേഷിപ്പുമായി നിലനിൽക്കുന്നതാണ് പൊന്നാനിയിലെ മിസ്‌രി പള്ളി. അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ളതും പൊന്നാനിയുടെ ചരിത്രത്തിനു കരുത്തു പകരുന്നതുമാണ് ഈ പള്ളി. പള്ളിയുടെ മുൻഭാഗത്തെ ഓടുമേഞ്ഞ മേൽക്കൂര പൊളിച്ചുനീക്കിയത് വലിയ പ്രതിഷേധങ്ങളാണ് വിളിച്ചു വരുത്തിയത്. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി പഴമയോടെ നിലനിറുത്താൻ തീരുമാനിച്ച പള്ളി പൊളിച്ച് പുനർനിർമ്മിക്കാനുള്ള നീക്കം പൊന്നാനി നഗരസഭ ഇടപെട്ട് തടഞ്ഞിരുന്നു.നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ നിർദ്ദേശ പ്രകാരമായിരുന്നു നഗരസഭയുടെ ഇടപെടൽ.
വാസ്ക്കോ ഡി ഗാമയുടെ വരവോടെ മലബാറിലുണ്ടായ അതിക്രമങ്ങളെ പ്രതിരോധിക്കാൻ സാമൂതിരിയുടെ നിർദ്ദേശ പ്രകാരം സൈനുദ്ദീൻ മഖ്ദൂമിന്റെ അന്വർത്ഥനയനുസരിച്ച് പൊന്നാനിയിലെത്തിയ ഈജിപ്തിൽ നിന്നുള്ള സൈന്യം അവരുടെ ക്യാമ്പിനോട് ചേർന്ന് സ്ഥാപിച്ചതാണ് മിസ്‌രി പള്ളിയെന്നാണ് ചരിത്രത്തിലെ പ്രധാന അഭിപ്രായം. പള്ളിയുടെ മുൻഭാഗത്തെ ഓടുമേഞ്ഞ ഭാഗം തകർച്ചയെ നേരിടുന്ന ഘട്ടമെത്തിയപ്പോഴാണ് പുനർനിർമ്മിക്കാൻ തീരുമാനിച്ചതെന്ന് ഇന്നലെ നഗരസഭ ചെയർമാനുമായി നടത്തിയ ചർച്ചയിൽ പള്ളികമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. ഏത് സമയവും തകരാവുന്ന നിലയിൽ ഉണ്ടായിരുന്ന ഓടുമേഞ്ഞ ഭാഗം നവീകരിക്കാനാണ് തീരുമാനിച്ചത്. പള്ളിയുടെ രൂപത്തിലോ ഘടനയിലൊ മാറ്റം വരുത്താൻ തീരുമാനിച്ചിരുന്നില്ല. പള്ളിയെ പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി നിലനിറുത്താൻ തീരുമാനിച്ച വിവരം അറിയിച്ചിരുന്നില്ലെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പള്ളിയെ തനത് രൂപത്തിൽ നിലനിറുത്തുന്നതിന് എത് രൂപത്തിലുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടത്തേണ്ടത് എന്നത് സംബന്ധിച്ച് ആർക്കിട്ക്ടുകളുടെ സഹായം തേടും. ഇന്നോ, നാളെയോ ആർക്കിടെക്ട് പള്ളി സന്ദർശിക്കും. പൊന്നാനി പൈതൃക സംരക്ഷണ പദ്ധതിക്ക് തുടക്കമായിട്ടില്ലെങ്കിലും പള്ളിയുടെ തനിമ നിലനിറുത്തൽ ഏറ്റെടുക്കും. പൊന്നാനി ടൗണിലെ അഞ്ച് പളളികളാണ് പൈതൃക സംരക്ഷണത്തിന്റെ ഭാഗമാക്കാൻ ഉദ്ദേശിക്കുന്നത്. അതിൽ ഒന്നാണ് മിസ്‌രി പള്ളി.
മിസ്‌രി പള്ളിയെ പൂർണ്ണമായും പഴമയുടെ നിലനിറുത്തുന്ന തരത്തിലായിരിക്കും ഇനിയുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തുക. ഇക്കാര്യത്തിൽ പള്ളിക്കമ്മിറ്റിക്ക് ചെയ്യാൻ കഴിയുന്നതിനപ്പുറത്തുള്ള കാര്യങ്ങൾ നിയമസഭ സ്പീക്കറുടെ നേതൃത്വത്തിൽ പ്രത്യേകമായി കണ്ടെത്തും. കൊടുങ്ങല്ലൂർ ചേരമാൻ പള്ളി മാതൃകയിലുള്ള പൈതൃക സംരക്ഷണമാണ് മിസ്‌രി പള്ളിയുടെ കാര്യത്തിൽ ഉദ്ദേശിക്കുന്നത്.