മഞ്ചേരി: പയ്യനാട് ചോലക്കലിൽ ആർ.എസ്.എസ്. പ്രവർത്തകനെ വെട്ടി പരിക്കേൽപിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പാപ്പിനിപ്പാറ ആലുംകുന്ന് വാലഞ്ചേരി അഷ്റഫ് (45), മുളളമ്പാറ കള്ളാടിത്തൊടി തറമണ്ണിൽ മുഹമ്മദ് അസ്‌ലം (36) എന്നിവരാണ് അറസ്റ്റിലായത്. സായുധ ആക്രമണത്തിനു സഹായികളായി പ്രവർത്തിച്ചവരാണു പിടിയിലായതെന്നു പൊലിസ് വ്യക്തമാക്കി. പ്രതികളെ വ്യാഴാഴ്ച വൈകീട്ട് 6.10 ഓടെ മഞ്ചേരിയിൽ മജിസ്‌ട്രേട്ട് മുമ്പാരെ ഹാജരാക്കി റിമാന്റ് ചെയ്തു. പയ്യനാട് കറുത്തേടത്ത് അർജുൻ(27)നാണ് ചൊവ്വാഴ്ച വെട്ടെറ്റത്. ഇരു കൈകൾക്കും കാലുകൾക്കും വെട്ടേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകട നില തരണം ചെയ്തതോടെ ഇയാളെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.
സംഭവത്തിലുൾപെട്ട ഒരാളെ തനിക്ക് പരിചയമുണ്ടെന്നും ഇയാൾ സജീവ എസ്.ഡി.പി.ഐക്കാരനാണെന്നും പരിക്കേറ്റ് ചികിത്സയിലുള്ള അർജുൻ പറഞ്ഞു. ആർ.എസ്.എസ് സജീവ പ്രവർത്തകനായ അർജുൻ നഗര ശാരീരിക് ശിക്ഷൺ പ്രമുഖാണ്. സംഭവത്തിൽ പൊലിസ് പ്രതികളിലേക്കുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ആയുധങ്ങളുമായെത്തിയ സംഘം സഞ്ചരിച്ച ഒരു ബൈക്ക് സ്ഥലത്തു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.