kanjav
കഞ്ചാവ്

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ കഞ്ചാവുമായി ഏഴ് പ്ലസ്ടു വിദ്യാർത്ഥികൾ അറസ്റ്റിൽ. പെരിന്തൽമണ്ണയിലും പരിസരങ്ങളിലും പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി പൊന്ന്യാകുർശ്ശിയിൽ വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. പെരിന്തൽമണ്ണയിൽ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത കഞ്ചാവിന്റെ മുഖ്യവിതരണക്കാരനായ അബ്ദുൾഹക്കീമിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിലും ചോദ്യം ചെയ്തതിലും നഗരത്തിലെയും പരിസരങ്ങളിലേയും വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പെരിന്തൽമണ്ണ ടൗണിലും പരിസര പ്രദേശങ്ങളിലും മഫ്ടിയിലും മറ്റും പരിശോധന ശക്തമാക്കുകയും ചെയ്തിരുന്നു.

പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി സ്വദേശികളായ ഷാഹുൽഹമീദ് (18), അനീസ് പൊട്ടൻതാടി (21), പൊന്നക്കാട്ടുകുഴിയിൽ മുഹമ്മദ് സഫ്‌വാൻ (18), മുഹമ്മദ് ഷിനാദ് (18), ചോരമ്പന മുഹമ്മദ് സിയാൻ (18), കാപ്പുള്ളി മുഹമ്മദ് ഷാഹിൽ (18), മണ്ണേങ്ങൽ ഷാഹുൽ ഇബ്നു ബഷീർ (18) എന്നിവരെയാണ് പൊന്ന്യാകുർശ്ശി അക്കരെയിൽവച്ച് പെരിന്തൽമണ്ണ സി.ഐയും സംഘവും പിടികൂടിയത്. ഇവരെ ചോദ്യംചെയ്തതിൽ അലനല്ലൂർ, പുലാമന്തോൾ, കൊപ്പം ഭാഗങ്ങളിൽ ചെറുകിട വിൽപ്പനക്കാരെക്കുറിച്ചും കഞ്ചാവ് ഉപയോഗിക്കുന്ന കൂടുതൽ വിദ്യാർത്ഥികളെക്കുറിച്ചും വിവരം ലഭിച്ചതായും ക്ലാസിൽ തുടർച്ചയായി വരാതിരിക്കുകയും ലഹരി ഉപയോഗ ലക്ഷണങ്ങൾ കണ്ടാലും ഉടൻ പൊലീസിനെ അറിയിക്കാൻ സ്കൂൾ അധികൃതർക്ക് കർശന നിർദ്ദേശം നൽകിയതായും സി.എെ ടി.എസ്.ബിനു അറിയിച്ചു.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് ജില്ലയിലെ സ്കൂൾ, കോളേജ് പരിസരങ്ങൾ ലഹരിമുക്തമാക്കുന്നതിന് കർശന നടപടികൾ പൊലീസ് സ്വീകരിച്ചുവരുന്നുണ്ട്. പെരിന്തൽമണ്ണ സി.എെ ടി.എസ്.ബിനു, വനിതാ എസ്.ഐ രമ, സി.പി.ഒമാരായ രാജേഷ്, ഷിഹാബ്, വിപിൻ ചന്ദ്രൻ, അനീഷ്, പ്രഫുൽ, ദിനേശ്, ടൗൺ ഷാഡോ പൊലീസ് ടീം എന്നിവരാണ് പരിശോധന നടത്തുന്നത്.