shreekumar
പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവൽ മെഗാസ്റ്റേജ്‌ഷോ സംവിധായകൻ ശ്രീകുമാർമേനോൻ ഉദ്ഘാടനം ചെയ്യുന്നു.

നിലമ്പൂർ: പ്രളയത്തെ നേരിടാൻ മലയാളികൾ കാണിച്ച സ്‌നേഹവും കൂട്ടായ്മയും വിദ്വേഷത്തിനു വഴിമാറിയെന്ന് പ്രമുഖ സംവിധായകൻ വി.എ ശ്രീകുമാർമേനോൻ. സഹിഷ്ണുത നഷ്ടപ്പെടുകയും വിദ്വേഷം വളരുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയിലാണ് നാട്. നഷ്ടപ്പെടുന്ന സഹിഷ്ണുതയും സാഹോദര്യവും വീണ്ടെടുക്കാൻ പാട്ടുത്സവം പോലെയുള്ള സാംസ്‌ക്കാരിക ഉത്സവങ്ങൾ വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പതിമൂന്നാമത് നിലമ്പൂർ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാട്ടുത്സവ് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ പത്മിനിഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ എ.ഗോപിനാഥ്, പാലോളി മെഹബൂബ്, കൗൺസിലർമാരായ ഗിരീഷ്‌ മോളൂർമഠത്തിൽ, ബിനു ചെറിയാൻ, മുജീബ്‌ദേവശേരി, പാട്ടുത്സവ് ജനറൽ കൺവീനർ, യു.നരേന്ദ്രൻ, പ്രവീൺ (പോപ്പീസ്), രഞ്ജിത് (ഗോഗുലം ഗ്രൂപ്പ്), പി.വി സനിൽകുമാർ, വിനോദ് പി.മേനോൻ, അനിൽറോസ്, മുഹമ്മദ് ഇഖ്‌ബാൽ, ഷൗക്കത്തലി കോയാസ്, ഷാജി കെ.തോമസ്, സഫറുള്ള, വിൻസെന്റ് എഗോൺസാഗ, കെ. ഷബീറലി പ്രസംഗിച്ചു. പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിൽ ഇന്ന് വൈകിട്ട് ഏഴിന് സാംസ്‌ക്കാരിക സമ്മേളനം മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് രഹ്‌നയും സംഘവും അവതരിപ്പിക്കുന്ന 'ഇശൽ നിലാവ്' അരങ്ങേറും.