soil-lab
ലാബ്

വണ്ടൂർ: വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന് (വി.എഫ്.പി.സി.കെ) കീഴിൽ വണ്ടൂർ തിരുവാലിയിൽ പുതുതായി ആരംഭിക്കുന്ന 'സോയിൽ ആന്റ് പ്ലാന്റ് അനാലിസിസ്' ലാബിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനിൽകുമാർ നിർവഹിക്കും.
പ്രളയാനന്തര മണ്ണ് പരിപോഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിക്കുന്ന രണ്ട് 'സോയിൽ ആന്റ് പ്ലാന്റ് അനാലിസിസ്' ലാബുകളിൽ ഒന്നാണ് തിരുവാലിയിലേത്. ആലപ്പുഴ ജില്ലയിലെ തുറവൂരാണ് രണ്ടാമത്തെ ലാബ് സ്ഥാപിക്കുന്നത്. മണ്ണുസാമ്പിളുകൾക്കൊപ്പം, വിളകളുടെ മൂലകങ്ങളുടെ അപര്യാപ്തത കൂടി പരിശോധിക്കുന്നതിനുള്ള ആധുനിക സജ്ജീകരണങ്ങളോടു കൂടിയതാണ് ലാബ്. വി.എഫ്.പി.സി.കെ.യുടെ കീഴിലുള്ള മുഴുവൻ പഴംപച്ചക്കറി കർഷകർക്കും മണ്ണിന്റെ ആരോഗ്യസൂചിക (സോയിൽഹെൽത്ത്കാർഡ്) ലഭ്യമാക്കുന്നതിനുള്ള പദ്ധതിയ്ക്ക് ഈ ലാബുകളുടെ പ്രവർത്തനം സഹായകമാകും. കർഷകർക്കുള്ള അഡ്വൈസറി സെന്ററായും ഈ ലാബുകൾ പ്രവർത്തിക്കും. കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് ലാബുകൾ സജ്ജമാക്കിയിട്ടുള്ളത്.
മണ്ണുപരിശോധനയിലൂടെ മണ്ണിലടങ്ങിയിട്ടുള്ള സസ്യപോഷകങ്ങളുടെ തോത്കണക്കാക്കി, ഓരോ വിളയ്ക്കും വേണ്ടിവരുന്ന വളപ്രയോഗം ശാസ്ത്രീയമായി നിർണ്ണയിക്കുകയും അതിനനുസരിച്ചുള്ള ശിപാർശ കർഷകർക്കു നൽകുകയുമാണ് മണ്ണുപരിശോധനാ സംവിധാനത്തിൽ ചെയ്യുന്നത്. സാധാരണ സാഹചര്യങ്ങളിൽ മണ്ണുപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള പോഷകസൂചകങ്ങൾ വിളകൾക്കുള്ള കൃത്യമായ വള പ്രയോഗ ശുപാർശ നിശ്ചയിക്കുവാൻ തീർത്തും പര്യാപ്തമാണ്. എന്നാൽ മണ്ണിലെ പോഷകങ്ങൾ വിളകൾക്കു ലഭിക്കുന്നതിൽ, മണ്ണിലെ രാസിക,ഭൗതിക, ജൈവ സംതുലിതാവസ്ഥ ഏറ്റവും നിർണ്ണായകമാണ്.
മണ്ണിലെ ഈ സന്തുലിതാവസ്ഥയ്ക്ക് പ്രളയാനന്തരം മിക്കയിടത്തും വ്യതിയാനം സംഭവിച്ചിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളിൽ മണ്ണിലെ പോഷകതോതിന്റെ മാത്രം അടിസ്ഥാനത്തിൽ വളപ്രയോഗം നടത്തിയാൽ അത് വിളകളിൽ പൂർണ്ണതോതിൽ ഫലപ്രദമാകണമെന്നില്ല. മണ്ണുപരിശോധനയ്‌ക്കൊപ്പം, വിളകളുടെ സാമ്പിൾ ടിഷ്യുകൂടി പരിശോധിച്ചാൽ വിളകളിലെ പോഷകലഭ്യത പൂർണ്ണമായും ഉറപ്പാക്കാനാകും. വി.എഫ്.പി.സി.കെയുടെ പുതിയ മണ്ണു പരിശോധനാ ലാബുകളിൽ ഈ സൗകര്യമാണ് അധികമായി ഒരുക്കിയിട്ടുള്ളത്. പ്രളയ ബാധിത പ്രദേശങ്ങളിലെ മണ്ണുപരിപാലനത്തിൽ ഇത്തരം പരിശോധനകൾ അനിവാര്യമായിതീർന്നിട്ടുണ്ട്.

ചടങ്ങിൽ എ.പി.അനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ പി.വി അബ്ദുൽവഹാബ് എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, കൃഷിവകുപ്പ് ഡയറക്ടർ ഡോ.പി.കെ.ജയശ്രീ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ആസ്യ ടീച്ചർ തുടങ്ങിയവർ പങ്കെടുക്കും.