മഞ്ചേരി: കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റം പകർച്ചപ്പനി വ്യാപനത്തിനു വഴിവയ്ക്കുന്നു. പനി ബാധിച്ചെത്തുന്നവരുടെ എണ്ണം ജില്ലയിൽ അനുദിനം വർദ്ധിക്കുകയാണ്. ശരാശരി ആയിരത്തിലധികം രോഗികളാണ് വിവിധ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടുന്നത്. സ്വകാര്യ ആശുപത്രികളിലും ഇതര ചികിത്സാവിഭാഗങ്ങളിലും എത്തുന്നവരുടെ എണ്ണംകൂടി കണക്കാക്കിയാൽ രോഗികളുടെ എണ്ണം വൻതോതിൽ ഉയരും. വ്യാഴാഴ്ച മാത്രം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പനിബാധിച്ചു ചികിത്സയ്ക്കെത്തിയത് 8350 പേരാണ്. ഇതിൽ 1271 പേർ മലപ്പുറം ജില്ലയിലാണ് . കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ തിങ്കളാഴ്ച ജില്ലയിൽ പനിബാധിച്ചു ചികിത്സ തേടിയത് 1203 പേരാണ്. ശനിയാഴ്ച 1134 പേരും വെള്ളിയാഴ്ച 1197 പേരും. സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ചു ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സക്കെത്തിയതെന്നു ആരോഗ്യ വകുപ്പിന്റ കണക്കുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയും ദേശവ്യാപകമായുള്ള പണിമുടക്കു നടന്ന ചൊവ്വാഴ്ചയും ബുധനാഴ്ചയും മാത്രമാണ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായത്. ഞായറാഴ്ച 389 പേർ ചികിത്സ തേടി പണിമുടക്കു നടന്ന ചൊവ്വാഴ്ച 166 പേരും ബുധനാഴ്ച 133 പേരുമാണ് ജില്ലയിൽ ചികിത്സയ്ക്കെത്തിയത്. ഈ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായിത്തന്നെ രോഗികളുടെ എണ്ണം കുറവായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.