മലപ്പുറം: പ്രോട്ടോക്കോളെല്ലാം മാറ്റിവച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപ്രകടനം കാണാൻ മണിക്കൂറുകൾ നീക്കിവച്ചും പ്രോത്സാഹിപ്പിച്ചും ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം. ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന പേരിൽ കേന്ദ്ര സർക്കാർ നടത്തുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നടപ്പാക്കുന്ന 'സുവർണ്ണ കന്യക' സ്ത്രീശാക്തീകരണ പദ്ധതിയുടെ ഉദ്ഘാടനത്തിന് മലപ്പുറം ടൗൺഹാളിൽ എത്തിയതായിരുന്നു ഗവർണർ.
ഉദ്ഘാടനശേഷം ഭിന്നശേഷിക്കാരായ കുട്ടികളവതരിപ്പിച്ച മുഴുവൻ കലാപരിപാടികളും ആസ്വദിച്ച ഗവർണർ കുട്ടികളെ അഭിനന്ദിക്കാനും സമ്മാനങ്ങളേകാനും മറന്നില്ല. പരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാരുടെ കലാപരിപാടികളുമുണ്ടെന്ന് അറിഞ്ഞതോടെ താൻ മുഴുവൻ പരിപാടിയും കാണാനുണ്ടാവുമെന്ന് നേരത്തെ തന്നെ ഗവർണർ അറിയിച്ചിരുന്നു. രണ്ടുമണിക്കൂറിലധികം ചെലവഴിച്ച ഗവർണർ കുട്ടികളുടെ പ്രകടനത്തിന് നിറഞ്ഞ കൈയടിയുമേകി. ഗവർണറുടെ സാന്നിദ്ധ്യം കുട്ടികളിലും സദസ്സിലും ഒരുപോലെ ആവേശമുണ്ടാക്കി. ദിവസങ്ങളോളം നീണ്ട പരിശീലനത്തിലൂടെ ശാരീരിക പ്രതിബന്ധങ്ങളെ പിന്തള്ളി മികച്ച പ്രകടനമാണ് ഓരോരുത്തരും കാഴ്ച്ചവെച്ചത്. ജില്ലയിലെയടക്കം സ്പെഷൽ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് കലാപ്രകടനങ്ങൾ അവതരിപ്പിച്ചത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അവർ നേരിടുന്ന പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കേണ്ടതിന്റെയും പ്രാധാന്യവും ഗവർണർ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. വലിയ കേസുകളിൽ വിധി പറഞ്ഞതിനേക്കാൾ ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള ഉത്തരവുകളാണ് ഏറെ ആത്മസംതൃപ്തിയും സന്തോഷവുമേകിയതെന്ന് ഗവർണർ പറഞ്ഞു. സ്ത്രീയെന്നതിന്റെ പേരിലെ ഏതു വിവേചനവും ജനാധിപത്യപരമല്ലെന്നും ഇതു ഭരണഘടനാ വിരുദ്ധമാണെന്നും ഗവർണർ പറഞ്ഞു. സമൂഹം, വിദ്യാഭ്യാസം, നിയമ രംഗങ്ങളിലടക്കം സ്ത്രീകൾ വിവേചനം നേരിടുന്നുണ്ട്. ലിംഗസമത്വം സമൂഹത്തിൽ ഏറ്റവും പ്രധാനമാണ്. ഇതു ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്. ലിംഗ വിവേചനം രാജ്യത്ത് ആൺ-പെൺ അനുപാതത്തിൽ പോലും വ്യത്യാസം സൃഷ്ടിക്കുന്നു. കേരളത്തിൽ സ്ത്രീ അനുപാതം കൂടുതലാണെന്നത് ഏറെ സന്തോഷമേകുന്നതാണ്. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സമൂഹത്തെ നിർമ്മിക്കാനാവണം. പെൺകുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകുന്ന രക്ഷിതാക്കളുടേത് രാഷ്ട്രനിർമ്മിതി കൂടിയാണെന്നും ഗവർണർ പറഞ്ഞു.
പി. ഉബൈദുള്ള എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണൻ, എസ്. സുബ്രഹ്മണ്യൻ, ജില്ലാ കളക്ടർ അമിത് മീണ, അനുരാഗ് മിശ്ര, ഡോ.പി.എ. മേരി അനിത, ഡി.മുരളി മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
യാസ്മിൻ അരിമ്പ്ര, വടകര കടത്തനാടൻ കളരി സംഘത്തിലെ മീനാക്ഷി ഗുരുക്കൾ എന്നിവരെ ഗവർണർ ആദരിച്ചു.