പൊന്നാനി: ചരിത്രവും പൈതൃകവും നിറഞ്ഞ പൊന്നാനിയിലെ മിസ്രി പളളിയുടെ സംരക്ഷണത്തിന് കൂട്ടായ പ്രവർത്തനം സാദ്ധ്യമാക്കാമെന്ന് നിയമസഭ സ്പീക്കറുടെ ഉറപ്പ്. പള്ളി പഴമയോടെ നിലനിറുത്തുന്നതിന് പള്ളിക്കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം സർക്കാർ ഏജൻസികളുടെയും ചരിത്രസ്നേഹികളുടെയും സഹായം ലഭ്യമാക്കാൻ ഇടപെടൽ നടത്തുമെന്ന് പള്ളി സന്ദർശിച്ച ശേഷം സ്പീക്കർ വ്യക്തമാക്കി. പള്ളിയെ പഴമയോടെ നിലനിറുത്താൻ പള്ളികമ്മിറ്റി സന്നദ്ധത അറിയിച്ചെന്ന് സ്പീക്കർ പറഞ്ഞു.
കാലപ്പഴക്കത്തെ തുടർന്ന് പള്ളിയുടെ ചുറ്റുഭാഗം പൊളിച്ചുതുടങ്ങിയത് സ്പീക്കറുടെ നിർദ്ദേശ പ്രകാരം പൊന്നാനി നഗരസഭ തടയുകയായിരുന്നു. പള്ളിയുടെ ചുറ്റുഭാഗം പള്ളിക്കമ്മിറ്റി പൊളിക്കാൻ തയ്യാറായത് സദുദ്ദേശ്യത്തോടെയാണ്. പഴമ നിലനിറുത്തിയായിരിക്കും നവീകരണം. വിദഗ്ദ്ധനായ ആർക്കിടെക്ടിന്റെ സഹായത്തോടെ നവീകരണത്തിനുള്ള രൂപരേഖ തയ്യാറാക്കും. ഇതുപ്രകാരം പള്ളിക്കമ്മിറ്റിക്ക് സാദ്ധ്യമാകുന്ന പ്രവർത്തനങ്ങൾ കമ്മിറ്റി നടത്തും. ശേഷിക്കുന്ന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ചരിത്രസ്നേഹികളിൽ നിന്നും മറ്റുമായി കണ്ടെത്തും. പൈതൃക സംരക്ഷണ രംഗത്തുള്ള കേന്ദ്ര ഏജൻസികളുടെ സഹകരണം തേടുമെന്നും സ്പീക്കർ പറഞ്ഞു.
പള്ളി തകർച്ച കൂടാതെ നിലനിൽക്കേണ്ടതിന് പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുക. പൈതൃക സംരക്ഷണ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മറ്റു കാര്യങ്ങൾ ചെയ്യും. മുസ്രിസ് പൈതൃക സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ടവർ നേരത്തെ പളളി സന്ദർശിച്ചിരുന്നു. പൊന്നാനിയുടെ പൈതൃക സംരക്ഷണത്തിനുള്ള ഡി.പി.ആർ തയ്യാറാവുകയാണ്.പൊന്നാനിയുടെ ചരിത്രത്തിനും പൈതൃകത്തിനും സഹായകമാകുന്ന കെട്ടിടങ്ങൾ, തെരുവുകൾ, ആരാധനാലയങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവ സംരക്ഷിക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്പീക്കർ പറഞ്ഞു.
മിസ്രി പളളിയിലെത്തിയ സ്പീക്കർ പള്ളിക്കമ്മിറ്റി ഭാരവാഹികളുമായി ആശയവിനിമയം നടത്തി. പള്ളി പൂർണ്ണമായും നടന്നു കണ്ട സ്പീക്കറോട് നവീകരണ പ്രവർത്തനത്തിന്റെ അനിവാര്യത കമ്മിറ്റി ഭാരവാഹികൾ ബോദ്ധ്യപ്പെടുത്തി. പള്ളിയുടെ നവീകരണ പ്രവർത്തനങ്ങൾ പൈതൃകം നിലനിറുത്തുന്ന തരത്തിലാകണമെന്ന് സ്പീക്കർ കമ്മിറ്റി ഭാരവാഹികളോട് അഭ്യർത്ഥിച്ചു. ഏത് രൂപത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന കാര്യത്തിൽ ശനിയാഴ്ച്ച പള്ളി സന്ദർശിക്കുന്ന ആർക്കിടെക്ട് വിശദമാക്കും. അതിനു ശേഷം നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടാൽ മതിയെന്ന സ്പീക്കറുടെ ആവശ്യവും കമ്മിറ്റി അംഗീകരിച്ചു.