പെരിന്തൽമണ്ണ: ടൗണിന്റെ ഹൃദയഭാഗത്ത് 12.5 കോടി രൂപ ചെലവഴിച്ച് പണിത അഞ്ചു നില കോടതി സമുച്ചയം അവസാന ഘട്ട മിനുക്ക് പണികൾ നടത്തി ഉദ്ഘാടനത്തിനൊരുങ്ങുന്നു. വിചാരണ ഹാളുകൾ, റെക്കോർഡ് മുറി, മജിസ്ട്രേറ്റുമാരുടെ ചേംമ്പറുകൾ, ഓഫീസ്, ബാർ അസോസിയേഷൻ ഹാൾ, താഴെ വിസ്തൃതമായ വാഹന പാർക്കിംഗ് ഏരിയ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കോടതി സമുച്ചയം സജ്ജമാക്കിയിട്ടുള്ളത്.
5810 സ്ക്വയർ മീറ്ററാണ് മൊത്തം വിസ്തൃതി. 1220 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഗ്രൗണ്ട് ഫ്ളോർ പാർക്കിംഗ് ഏരിയയാണ്. ഒന്നു മുതൽ നാലു വരെ നിലകൾക്ക് 1105 സ്ക്വയർ മീറ്റർ വിസ്തൃതി വരും. അസൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന പെരിന്തൽമണ്ണയിലെ എല്ലാ കോടതികളും ഉദ്ഘാടനത്തോടെ പുതിയ സമുച്ചയത്തിലേക്ക് മാറും. എത്രയും വേഗം പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുകയാണ് വള്ളുവനാടിന്റെ സിരാകേന്ദ്രത്തിലെ ഈ നിയമകാര്യാലയം.
ഒന്നാമത്തെ നിലയിൽ താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി ഓഫീസ്, മീഡിയാ റൂം, എ.പി.പിമാരുടെ ഓഫീസ്, , ബാർ അസോസിയേഷനിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഓഫീസുകൾ തുടങ്ങിയവ പ്രവർത്തിക്കും. രണ്ട് മുതൽ നാലുവരെ നിലകളിൽ കോർട്ട് ഹാൾ, ഓഫീസ്, റെക്കോർഡ് റൂം, പ്രോപ്പർട്ടി റൂം, ചേംബർ എന്നിവ ഒരുക്കും
നാലു നിലകളിലേക്കും പൊതു ലിഫ്റ്റും ജുഡീഷ്യൽ ഓഫീസർമാർക്ക് പ്രത്യേക ലിഫ്റ്റും സ്റ്റെയർകേയ്സുകളും നിർമ്മിച്ചിട്ടുണ്ട്. 2014 മെയ് 30നാണ് കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ടത്. മഞ്ചേരിയിലെ എ.എം മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള നിർമ്മാൺ കൺസ്ട്രക്ഷൻസാണ് സമുച്ചയം പണിതത്. മറ്റു പ്രവൃത്തികൾ നിലമ്പൂരിലെ വി.ജെ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്.