കരുവാരക്കുണ്ട്: ആറു കിലോഗ്രാം കഞ്ചാവുമായി മലപ്പുറം പൊൻമള സ്വദേശി കരുവാരക്കുണ്ട് പൊലീസിന്റെ പിടിയിലായി. പട്ടിക്കടവൻ അബ്ദുൾ ജലീലിനെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും എസ്.ഐ, പി. ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അബ്ദുൽ ജലീൽ. ഒന്നര വർഷം മുമ്പ് കരുവാരക്കുണ്ട് വട്ടമലയിൽ വിദ്യാർത്ഥികൾക്ക് കറുപ്പ് , ബ്രൗൺഷുഗർ എന്നിവ ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ നൽകുന്നതിനിടയിൽ പിടിയിലായ പ്രതി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പത്തിലധികം കേസുകളിൽ പ്രതിയാണ്. ആറോളം കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2008ൽ ഗുണ്ടാ നിയമപ്രകാരവും ഇയാൾ അറസ്റ്റിലായിരുന്നു. കരുവാരക്കുണ്ടിലെ ചെറുകിട കഞ്ചാവു വിൽപ്പനക്കാരിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ഷൊർണൂർ നിലമ്പൂർ പാസഞ്ചറിൽ തുവ്വുർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോഴാണ് ഇയാൾ പൊലിസിന്റെ വലയിലായത്. ഹൈദരാബാദിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിക്കുന്നത്. പ്രതിയെ ശനിയാഴ്ച്ച മഞ്ചേരി കോടതിയിൽ ഹാജരാക്കും.