താനൂർ: 131 കോടിരൂപ ചെലവിൽ പരപ്പനങ്ങാടിയിൽ ഹാർബർ പ്രവൃത്തി ഈ വർഷംതന്നെ തുടങ്ങുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. താനൂരിൽ പ്രകൃതിദുരന്തത്തിൽ വള്ളവും വലയും നഷ്ടപ്പെട്ട ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായതുക കൈമാറുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഉണ്യാലിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ യുവതീയുവാക്കൾക്കും കായികതാരങ്ങൾക്കുമായി സ്റ്റേഡിയം യാഥാർത്ഥ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കും.ആഴക്കടൽ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ പരിശീലിപ്പിക്കും. പൊതുസമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 39 മത്സ്യബന്ധന വള്ളങ്ങൾക്കാണ് 2.30 കോടി രൂപയുടെ ധനസഹായം അനുവദിച്ചത്
ചടങ്ങിൽ വി.അബ്ദുറഹ്മാൻ എം.എൽ.എ അദ്ധ്യക്ഷനായി. സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ അംഗം കൂട്ടായി ബഷീർ, മത്സ്യത്തൊഴിലാളിക്ഷേമനിധി ബോർഡ് ചെയർമാൻ സി.പി കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു