മഞ്ചേരി: ആനക്കയം വിത്തുത്പാദന കേന്ദ്രത്തോടനുബന്ധിച്ചുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസിൽ കൊയ്ത്തുമെതി യന്ത്രങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നതിൽ അതൃപ്തി രോഖപ്പെടുത്തി മന്ത്രി വി.എസ്. സുനിൽ കുമാർ. കൃഷിവകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്ന നടപടികളുടെ ഭാഗമായിഓഫീസ് സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി.
മൂന്നു മെഷീനുകൾ ഉപയോഗത്തിനു പറ്റാത്തവിധം തകരാറു നേരിടുന്നുണ്ട്. ഇതിൽ രണ്ടെണ്ണം ആനക്കയത്തെ ഓഫീസിലും ഒന്ന് പുറത്തുള്ള കാർഷിക മേഖലയിലുമാണ്. ചെറിയ തകരാറുകളുള്ള മൂന്നു വിദേശ നിർമ്മിത ഉപകരണങ്ങളും ഓഫിസിൽ വെറുതെ കിടക്കുകയാണ്. മൂന്നു ഉപകരണങ്ങൾ മാത്രമാണ് നിലവിൽ കർഷകരുടെ ഉപയോഗത്തിനായി നൽകിയിരിക്കുന്നത്. കാലപ്പഴക്കത്താൽ പുനരുപയോഗം സാദ്ധ്യമാവാത്ത മൂന്നു യന്ത്രങ്ങൾ ലേലം ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കണ്ടം ചെയ്ത ഉപകരണങ്ങൾക്കു പുറമെയുള്ളവ ഉപയോഗപ്രദമാക്കുന്നതിൽ നടപടികൾ വൈകുന്നതിലാണ് മന്ത്രി അതൃപ്തി അറിയിച്ചത്. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥരോട് അദ്ദേഹം വിശദീകരണം ആവശ്യപ്പെട്ടു. യന്ത്ര സാമഗ്രികൾ കർഷകർക്കു ഉപയോഗപ്രദമാക്കാൻ സ്വീകരിക്കേണ്ട അടിയന്തര നടപടികൾക്കായി ഉന്നതല സംഘം അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാരുടെ അഭാവം പ്രവർത്തനങ്ങൾക്കു വെല്ലുവിളി തീർക്കുന്നതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മന്ത്രിയെ ധരിപ്പിച്ചു. മെക്കാനിക്ക്, വെൽഡർ, ഇലക്ട്രീഷ്യൻ തുടങ്ങിയ തസ്തികകൾ നികത്താൻ അടിയന്തര ഇടപെടലില്ല. നിലവിൽ 25 ജീവനക്കാരാണ് ഓഫീസിനു കീഴിലുള്ളത്. ഫോർമാൻ ഉൾപെടെ സാങ്കേതിക രംഗത്തെ ജീവനക്കാരുടെ അഭാവം വെല്ലുവിളി തീർക്കുന്നതായാണ് ഉദ്യോഗസ്ഥരുടെ പരാതി. വിത്തുൽപ്പാദന കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ പ്രതീക്ഷാവഹമാണെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രത്തിലെ പ്രവർത്തനങ്ങളും ഉത്പാദന പ്രക്രിയകളും അദ്ദേഹം നേരിട്ടെത്തി പരിശോധിച്ചു. വിത്തുൽപ്പാദന കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളി ക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കേന്ദ്രം നേരിടുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചു വികസന പ്രവർത്തനങ്ങൾ നിലവിൽ നടക്കുന്നുണ്ട്. വ്യാവസായിക അടിസ്ഥാനത്തിൽ വിത്തുൽപ്പാദനം ഊർജ്ജിതമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും രണ്ടു വർഷങ്ങൾക്കകം ഇത് പൂർണ്ണമായും പ്രാവർത്തികമാവുമെന്നും അദ്ദേഹം പറഞ്ഞു. വിത്തുൽപ്പാദന കേന്ദ്രത്തിലെ ചീരകൃഷി വിളവെടുപ്പുദ്ഘാടനവും മന്ത്രി നിർവഹിച്ചു. പി. ഉബൈദുള്ള എം.എൽ.എ, കൃഷിവകുപ്പു ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്തു പ്രതിനിധികൾ, പ്രാദേശിക ജനപ്രതിനിധികൾ തുടങ്ങിയവരും സംബന്ധിച്ചു.