jj
കാട്ടാന നശിപ്പിച്ച വെറ്റിലക്കൊല്ലി അക്കരമ്മൽ ഹംസയുടെ വാഴത്തോട്ടം.

എടക്കര: കാട്ടാനശല്യം കാരണം പോത്തുകൽ കുനുപ്പാലയിൽ കർഷകർ ദുരിതത്തിൽ. കോടാലിപ്പൊയിൽ വെറ്റിലക്കൊല്ലിയിലെ അക്കരമ്മൽ ഹംസ എന്ന ബാപ്പൂട്ടിയുടെ നൂറോളം വാഴകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന നശിപ്പിച്ചത്. കരിയംമുരിയം വനാതിർത്തിയിലാണ് ഹംസയുടെ വാഴത്തോട്ടം. 15 ദിവസം മുമ്പാണ് ഒറ്റയാൻ കൃഷിയിടത്തിൽ ആദ്യമെത്തിയത്. അന്ന് അമ്പതോളം കുലച്ച വാഴകൾ നശിപ്പിച്ചു. തുടർന്ന് രണ്ട് തവണ ഒറ്റയാൻ കൃഷിയിടത്തിലിറങ്ങി നാശം വിതച്ചു. വെള്ളിയാഴ് രാത്രി എഴുപതോളം വാഴകളാണ് നശിപ്പിച്ചത്. വനാതിർത്തിയിലെ വൈദ്യുതവേലിയും കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജ വേലിയും തകർത്താണ് ആക്രമണം. സൗരോർജ്ജ വേലി സ്ഥാപിച്ച കോൺക്രീറ്റ് കാലുകൾ ചവിട്ടി നശിപ്പിച്ചിട്ടുണ്ട്. മൂന്ന് തവണയായി മുപ്പതോളം കായ്‌ഫലമുള്ള കമുകുകളും തൈകളും ആന നശിപ്പിച്ചു.

കാർഷിക വിളനാശത്തിലുപരി ജനങ്ങളുടെ ജീവനും ഒറ്റയാൻ ഭീഷണിയാണ്. കഴിഞ്ഞ വ്യാഴാഴ്ച പ്രദേശവാസിയായ പുത്തൻകുളങ്ങര ബഷീറിനെ വീട്ടിലേക്ക് വരുന്ന വഴി ഒറ്റയാൻ ഓടിച്ചിരുന്നു. ഭാഗ്യംകൊണ്ടാണ് ബഷീർ അന്ന് രക്ഷപെട്ടത്. ഇതേ ദിവസം റോഡരികിൽ നിറുത്തിയിട്ടിരുന്ന കോരൻകുന്നൽ ഷൗക്കത്തിന്റെ സ്‌കൂട്ടർ നൂറ് മീറ്ററോളം ദൂരം ആന വലിച്ചിഴച്ചു. തുടരെയുണ്ടാകുന്ന കാട്ടാനയുടെ ആക്രമണം ചെറുക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. കാർഷിക വിളനാശത്തിന് തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് കർഷകർക്ക് വനംവകുപ്പ് അനുവദിക്കുന്നത്. കഴിഞ്ഞ വർഷം വഴിക്കടവ് റെയ്ഞ്ച് പരിധിയിൽ വന്യമൃഗങ്ങൾ കാർഷിക വിളനാശം വരുത്തുന്നതിന് നഷ്ടപരിഹാരം നൽകാൻ അനുവദിച്ച തുകയിൽ 25 ലക്ഷം രൂപ ലാപ്സായിരുന്നു. കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിന് വനംവകുപ്പ് തടസം നിൽക്കുകയാണെന്ന് കർഷകർ പറയുന്നു.