പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ എസ്.സി വിഭാഗത്തിന് സമ്പൂർണ്ണ ഭവനം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാനായി തയ്യാറാക്കിയ സ്‌നേഹഭവനം പദ്ധതിയിൽ 600 വീടുകളാണ് ആദ്യഘട്ടത്തിൽ നഗരസഭ നിർമ്മിച്ച് നൽകിയതെന്ന് നഗരസഭാ ചെയർമാൻ എം മുഹമ്മദ് സലീം പറഞ്ഞു. മിനി ഫ്ളാറ്റ് സമുച്ചയത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. നാല് ലക്ഷം രൂപ ചെലവുള്ള വീടിന്, രണ്ട് ലക്ഷം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നൽകുന്നത്. സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന ലൈഫ് പദ്ധതി മികച്ച ബൃഹത് പദ്ധതിയാണെന്നും നഗരസഭ ലക്ഷ്യം വെച്ച മുഴുവൻ വീടുകളും വിവിധ ഫണ്ടുകൾ സംയോജിപ്പിച്ച് വേഗത്തിൽ ലഭ്യമാക്കാനായെന്നും ചെയർമാൻ പറഞ്ഞു.
കാഞ്ഞിരക്കുന്നിൽ നിർമ്മിക്കുന്ന ആധുനിക അംഗനവാടിയുടെ തറക്കല്ലിടലും ചെയർമാൻ നിർവ്വഹിച്ചു. 12 ആധുനിക അംഗനവാടികളാണ് നഗരസഭ നിർമ്മിക്കുന്നത്. ഒരുകോടി 20 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ശിശു പരിപാലനവും സാമൂഹ്യ സുരക്ഷയും അംഗനവാടികളിൽ ഉറപ്പാക്കുമെന്നും ചെയർമാൻ പറഞ്ഞു.
നഗരസഭ വൈസ് ചെയർപേഴ്സൺ നിഷി അനിൽ രാജ് അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.ടിശോഭന, താമരത്ത് ഉസ്മാൻ, പി അരവിന്ദൻ, വി രമേശൻ, വാർഡ് കൗൺസിലർ ജംന ബിം ത്ത്, കെ.കുഞ്ഞാലൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അഭിലാഷ് കൗൺസിലർ കെ. സുന്ദരൻ തുടങ്ങിയവർ സംസാരിച്ചു.
ത്വക്ക്‌രോഗബോധവൽക്കരണം ഇന്ന് ജില്ലയിലെത്തും
മലപ്പുറം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്സ്, വെനെറോളജിസ്റ്റ്സ് ആൻഡ് ലെപ്രോളജിസ്റ്റ്സ് സംഘടനയുടെനേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച 'സ്‌കിൻ സഫർ രഥ് 'എന്ന ആരോഗ്യബോധവൽക്കരണ പരിപാടിയുടെ പ്രചരണത്തിനായി സഞ്ചരിക്കുന്ന രഥം ഇന്ന് ജില്ലയിലെത്തും. കുഷ്ഠരോഗം, വെള്ളപ്പാണ്ട് തുടങ്ങിയവയക്കുറിച്ച് ജനങ്ങളുടെ തെറ്റിദ്ധാരണങ്ങൾ ഇല്ലാതാക്കി രോഗത്തെക്കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചും ബോധവൽക്കരിക്കുന്നതിനാണ് സഞ്ചരിക്കുന്ന രഥം ജില്ലയിലെത്തുന്നത്. പ്രചരണത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനം, ലഘു നാടകങ്ങൾ എന്നിവ അവതരിപ്പിക്കുകയും, ലഘുലേഖകൾ വിതരണം നടത്തുകയും ചെയ്യും.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട നാല് കേന്ദ്രങ്ങളിലാണ് ഡോ.ബിജുവിന്റെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന രഥം പര്യടനം നടത്തുക. ആദ്യപര്യടനം ഉച്ചയ്ക്ക് ഒന്നിന് തിരൂരങ്ങാടിയിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് കോട്ടക്കൽ, മൂന്നിന് മലപ്പുറം, വൈകീട്ട് അഞ്ചിന് മഞ്ചേരി തുടങ്ങിയ കേന്ദ്രങ്ങളിലും സഞ്ചരിക്കുന്ന രഥം പര്യടനം നടത്തും.
ഡിസംബർ 22ന് ദില്ലിയിൽ നിന്നാണ് രഥം പ്രയാണം ആരംഭിച്ചത്. രണ്ട് മാസം കൊണ്ട് 18 സംസ്ഥാനങ്ങളിലായി 12,000 കിലോമീറ്റർ ദൂരത്തിൽ സഞ്ചരിച്ചുകൊണ്ടാണ് സ്‌കിൻ സഫർ രഥ് എന്നബോധവൽക്കരണ പരിപാടി രാജ്യത്ത് നടപ്പിലാക്കുന്നത്. ജനുവരി 13ന് മംഗലാപുരത്തു നിന്നും കോഴിക്കോട് എത്തുന്ന രഥം 14 ന് കാലത്ത് വരെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തിയശേഷമാണ് ജില്ലയിലെത്തുന്നത്.
ചേലേമ്പ്രയിൽ നാടകക്കളരിയ്ക്ക് തുടക്കം
തേഞ്ഞിപ്പലം: ചേലേമ്പ്ര ഗ്രാമപഞ്ചായത്തിന്റെ 2018-19 വർഷത്തെ പദ്ധതിയുടെ ഭാഗമായുള്ള നാടകക്കളരിയുടെ ഉദ്ഘാടനം നടൻ വിജയൻ കാരന്തൂർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് അധ്യക്ഷനായി. ചേലേമ്പ്രയിലെ എല്ലാ സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 45 കുട്ടികൾക്കാണ് മൂന്നുദിവസത്തെ പരിശീലനം നൽകുന്നത്. ക്യാമ്പിന് മനോജ് നാരായണൻ, കോഴിക്കോട് അബൂബക്കർ തുടങ്ങിയ നാടക പ്രവർത്തകരാണ് നേതൃത്വം നൽകുന്നത്.
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരസമിതി കമ്മിറ്റി ചെയർമാൻ സി.ശിവദാസൻ, ക്യാമ്പ്‌കോ-ഓർഡിനേറ്റർ ഷബീർ മാസ്റ്റർ, കെ.എൻ ഉദയകുമാർ, സുജിത ഷിബു, സി.പി ഷബീറലി, പി.നൗഷാദലി., ബാലസുബ്രഹ്മണ്യൻ, അനിത .ഏ, മുഹമ്മദ് ഷമീം, ആസ്യ, ആരിഫ, തുടങ്ങിയവർ സംസാരിച്ചു.
ചേലേമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നാടകക്കളരിയുടെ ഉദ്ഘാടനം നടൻ വിജയൻ കാരന്തൂർ നിർവ്വഹിക്കുന്നു.