മലപ്പുറം: കേരളത്തിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിനു പോവുന്നവരെ നറുക്കെടുപ്പ് വഴി തിരഞ്ഞെടുത്തു. കരിപ്പൂർ ഹജ്ജ്ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. കെ.ടി. ജലീൽ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. 8262 പേരെയാണ് തിരഞ്ഞെടുത്തത്. 43115 അപേക്ഷകരാണ്‌ കേരളത്തിലുള്ളത്. ഇതിൽ 70 വയസ് കഴിഞ്ഞവരുടെ വിഭാഗത്തിൽ അപേക്ഷിച്ച 1199 പേരെയും 45 വയസിന് മുകളിൽ പ്രായമുള്ള മെഹ്റമില്ലാത്ത വനിതകളുടെ സംഘത്തിൽ അപേക്ഷിച്ച 2011പേർക്കും നേരിട്ട് അവസരം ലഭിച്ചു. ബാക്കിയുള്ള 39,905 അപേക്ഷകരിൽ നിന്ന് 8,262 പേരെയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ക്വാട്ട വീതം വച്ചപ്പോൾ കേരളത്തിന് 11,472 സീറ്റുകളാണ് ലഭിച്ചത്. നറുക്കെടുപ്പിൽ അവസരം ലഭിക്കാത്തവരെ ഉൾപ്പെടുത്തി കാത്തിരിപ്പ് പട്ടികയും തയ്യാറാക്കി. അധിക സീറ്റുകൾ ലഭിക്കുകയോ തിരഞ്ഞെടുക്കപ്പെട്ടവർ യാത്ര റദ്ദാക്കുകയോ ചെയ്താൽ ഒഴിവ് വരുന്ന മുറയ്ക്ക് കാത്തിരിപ്പ് പട്ടികയിൽ നിന്ന് മുൻഗണനാക്രമത്തിൽ അവസരം നൽകും.