നിലമ്പൂർ: ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. പതിവിൽ നിന്നും വ്യത്യസ്തമായി കൂടുതൽ പ്രവൃത്തികളാണ് ഇതുമായി ബന്ധപ്പെട്ട് ഇത്തവണ നടപ്പാക്കുന്നത്. അടുത്ത ആഴ്ചയോടെ തീയേറ്റർ തുറന്ന് പ്രവർത്തനമാരംഭിക്കും.
കഴിഞ്ഞ മാസം 23 നാണ് പ്രവൃത്തികൾക്കായി തിയേറ്റർ അടച്ചിട്ടത്. മാസം ശരാശരി 100 ഓളം സർജറികളാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലായി നടന്നുവരുന്നത്. ജനറൽ അനസ്തേഷ്യ സംവിധാനം കൂടി നിലവിൽ വന്നതോടെ സർജറി വിഭാഗം കൂടുതൽ സജീവമായി.
തീയേറ്ററിലെ സീലിംഗ്, ലൈറ്റ് സംവിധാനങ്ങൾ, വയറിംഗ്, ജനലുകൾ, വാതിലുകൾ എന്നിവയെല്ലാം പുതുക്കിയിട്ടുണ്ട്. ക്ലീനിംഗ് പ്രവൃത്തികൾ പുരോഗമിക്കുകയാണ്. തുടർന്ന് ഫ്യുമിഗേഷൻ നടത്തി സാമ്പിളുകൾ ശേഖരിച്ച് കൾച്ചറിനായി അയക്കും. ഇതിന്റെ ഫലമറിഞ്ഞാൽ തിയേറ്റർ വീണ്ടും പ്രവർത്തന സജ്ജമാകുമെന്ന് അധികൃതർ പറഞ്ഞു.
ഓരോ മാസത്തിലും ഇത്തരത്തിൽ കൾച്ചർ നടത്തി ഫലം പരിശോധിച്ചാണ് വർഷത്തിലൊരിക്കൽ ആവശ്യമായ സമയത്ത് അണുവിമുക്തമാക്കുന്നതിന് ഓപ്പറേഷൻ തിയേറ്റർ അടച്ചിടുന്നത്. ഓർത്തോ, ഇ.എൻ.ടി, ജനറൽ സർജറി എന്നിവയിലാണ് ഇവിടെ ഓപ്പറേഷനുകൾ നടത്തിവരുന്നത്.