സാലി മേലാക്കം
മഞ്ചേരി: പുൽപറ്റ പഞ്ചായത്തിലെ തൃപ്പനച്ചി പാലക്കാട് മേഖലയിൽ മാംസാവശിഷ്ടങ്ങൾ അനധികൃതമായി തള്ളുന്നതു പതിവാവുന്നു. ജനവാസ മേഖലയിൽ വൻതോതിലാണ് മാലിന്യ നിക്ഷേപം. മഞ്ചേരിയിൽ ജനവാസ കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും മാംസാവശിഷ്ടങ്ങൾ തള്ളുന്നതിനെതിരെ ജനകീയ പ്രതിഷേധങ്ങളും നിരീക്ഷണവും ശക്തമായതോടെയാണ് സമീപ ഗ്രാമ പഞ്ചായത്തുകളിൽ മാലിന്യം തള്ളൽ വർദ്ധിച്ചത്. പാലക്കാട് ഒലയംകുന്ന് ഭാഗത്താണ് മാലിന്യം തള്ളൽ കൂടുതൽ. നൂറുകണക്കിനു ചാക്കുകളിൽ കെട്ടിയ നിലയിലാണ് ജനവാസ മേഖലയിൽ പൊതുനിരത്തിനു സമീപം മാലിന്യങ്ങൾ തള്ളിയത്. രൂക്ഷമായ ദുർഗന്ധത്തെ തുടർന്നു നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ആവർത്തിക്കുന്ന അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ ജില്ലാ കളക്ടർക്കും അരീക്കോട് പൊലീസിനും പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ.
റോഡരികിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ പ്രദേശത്തു പരന്നൊഴുകുന്നതു കടുത്ത ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കിണറുകൾ മലിനമാവാനും പ്രശ്നം കാരണമാവുന്നതായി നാട്ടുകാർ പറയുന്നു. പഞ്ചായത്ത് അധികൃതരിൽ നിന്നോ പൊലീസിൽ നിന്നോ നടപടി ഇല്ലാത്തത് പ്രതിഷേധം ശക്തമാക്കുന്നുണ്ട്. അനാസ്ഥ തുടർന്നാൽ ജനകീയ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.