തേഞ്ഞിപ്പലം: മൂന്ന് ദിവസങ്ങളിലായി കാലിക്കറ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്നുവന്ന പ്രഥമ സംസ്ഥാന ഫാർമസി ഇന്റർ കോളേജിയേറ്റ് സ്പോർട്സ് മീറ്റ് സമാപിച്ചു . 96 പോയിന്റോടെ ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയൽ കോളേജ് ഒഫ് ഫാർമസി ഓവറോൾ ചാമ്പ്യൻമാരായി. 84 പോയിന്റ് നേടി കോഴിക്കോട് നാഷണൽ കോളേജ് ഒഫ് ഫാർമസി ഫസ്റ്റ് റണ്ണർ അപ്പായി . 41 പോയിന്റുകൾ നേടി പെരിന്തൽമണ്ണ അൽഷിഫ കോളേജ് ഒഫ് ഫാർമസി സെക്കന്റ് റണ്ണറപ്പായി. ആൺകുട്ടികളുടെ വിഭാഗത്തിൽ 26 പോയിന്റുമായി ദേവകിയമ്മ ഫാർമസി കോളേജിലെ റാഷിദ് മോൻ വ്യക്തിഗത ചാമ്പ്യനായി. പെൺകുട്ടികളുടെ വിഭാഗത്തിൽ 20 പോയിന്റുമായി ദേവകിയമ്മ ഫാർമസി കോളേജിലെ അലിഡയും 20 പോയിൻറുമായി എറണാകുളം അമൃത ഫാർമസി കോളേജിലെ സി. ദക്ഷിണയും വ്യക്തിഗത ചാമ്പ്യൻമാരായി.
കേരള സ്റ്റേറ്റ് സെൽഫ് ഫിനാൻസിംഗ് ഫാർമസി കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ആണ് മീറ്റ് സംഘടിപ്പിച്ചത്. ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയൽ ഫാർമസി കോളേജ് ആതിഥ്യം വഹിച്ച മീറ്റിൽ 24 കോളേജുകളിൽ നിന്നായി ആയിരത്തോളം കായികതാരങ്ങൾ വ്യത്യസ്ത ഇനങ്ങളിലായി മാറ്റുരച്ചു. സമാപന സമ്മേളനത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കായികവിഭാഗം ഡയറക്ടർ വി.പി. സക്കീർ ഹുസൈൻമുഖ്യാതിഥിയായി. അഹല്യ കോളേജ് ഒഫ് ഫാർമസി എക്സിക്യൂട്ടീവ് ട്രസ്റ് ഇ.പി. ബി. രജിതൻ അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് കമ്മിറ്റി കൺവീനറും ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയൽ ഫാർമസി കോളേജ് പ്രിൻസിപ്പലുമായ ഡോ. ജി. ബാബു, കാലിക്കറ്റ് യൂണിവേഴ്സിറ്റി അത് ലറ്റിക്സ് വിഭാഗം കോച്ച് ജംഷീർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.ബി. അരുൺലാൽ, അസോസിയേഷൻ വൈസ് പ്രസിഡന്റ് എം. നാരായണൻ എന്നിവർ പ്രസംഗിച്ചു.