തേഞ്ഞിപ്പലം : ചേലേമ്പ്രയുടെ സ്വപ്‌ന സാക്ഷാല്‍ക്കാരമായ പൈങ്ങോട്ടൂര്‍ മിനി സ്‌റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ധാരാളം ഫുട്‌ബോള്‍ താരങ്ങളും കളി പ്രേമികളുമുള്ള ചേലേമ്പ്രയിലെ ഈ കളിക്കളത്തിന് മൂന്ന് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും പൈങ്ങോട്ടൂര്‍ വയലിലെ ഗ്രൗണ്ടില്‍ മഴക്കാലമാകുന്നതോടെ വെള്ളം കെട്ടി നില്‍കുന്നത് കാരണം കളിക്കാനാകുമായിരുന്നില്ല. ഇത് മൂലം മറ്റു ഗ്രൗണ്ടുകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു ഇവിടത്തെ ഫുട്‌ബാള്‍ താരങ്ങള്‍ക്ക്. കഴിഞ്ഞ സുബ്രതോ കപ്പ് മത്സരത്തില്‍ ദേശീയ തലത്തില്‍ മലപ്പുറത്തിന് വേണ്ടി ബൂട്ടണിഞ്ഞത് ചേലേമ്പ്രയിലെ കുട്ടികളായിരുന്നു. ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസ് ലെ പരിശീലകരായ അദ്ധ്യാപകരില്‍ നിന്നും പരിശീലനം ലഭിച്ച് ചേലേമ്പ്രയിലെ നിരവധി കുട്ടികളാണ് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കളിക്കാന്‍ അവസരം നേടിയെടുത്തത്. ചേലേമ്പ്രയുടെ പഴയകാല ഫുട്ബാള്‍ പെരുമ വീണ്ടെടുക്കാനും പുതുതലമുറക്ക് ശാസ്ത്രീയമായ ഫുട്ബാള്‍ പരിശീലനം നല്‍കുവാനുമായി ചേലേമ്പ്രയിലെ പഴയ കാല ഫുട്ബാള്‍ കളിക്കാരുടെയും സംഘാടകരുടെയും നേത്യത്വത്തില്‍ അടുത്തിടെ എഫ്. സി. ചേലേമ്പ്ര എന്ന പേരില്‍ വിപുലമായ ഫുട്ബാള്‍ ക്ലബ്ബും രൂപീകൃതമായിട്ടുണ്ട്.
18 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള യുവാക്കളെ തിരഞ്ഞെടുത്ത് ഫുട്ബാള്‍ ടീം ഉണ്ടാക്കുവാനും യു.പി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്ബാള്‍ പരിശീലനം നല്‍കുവാനുമാണ് ക്ലബ്ബ് രൂപീകൃതമായത്. എന്നാല്‍ പരിശീലനം നല്‍കാന്‍ ഫീസ് നല്‍കി വിവിധ ഗ്രൗണ്ടുകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു ചേലേമ്പ്രയിലെ ഫുട്‌ബോള്‍ പരിശീലകര്‍ക്കും കളിക്കാരായ കുട്ടികള്‍ക്കും. സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തീകരിച്ചതോടെ ഏറെ ആശ്വാസത്തിലാണിവർ. പി അബ്ദുല്‍ ഹമീദ് എം.എല്‍.എ അനുവദിച്ച 30 ലക്ഷം ചെലവഴിച്ചാണ് 25,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. വയലില്‍ ആയിരത്തോളം ലോഡ് മണ്ണിട്ട് നികത്തിയ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം ഗാലറിയും മൂന്ന് ഭാഗത്ത് ഫെന്‍സിംഗും ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ടാണ് സ്‌റ്റേഡിയത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്.